പ്രിൻസിപ്പാളിനും എസ്.എഫ്.ഐക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വിദ്യാർത്ഥിനി അഖില
ഇടുക്കി: യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പാളിനും എസ്.എഫ്.ഐക്കുമെതിരെ ആരോപണങ്ങളുമായി ആത്മഹത്യക്ക് ശ്രമിച്ച മുൻ വിദ്യാർത്ഥിനി നിഖില. പ്രിൻസിപ്പാൾ എസ്.എഫ്.ഐയുടെ കൈയ്യിലെ കളിപ്പാവയാണെന്നും കോളേജിൽ എസ്.എഫ്.ഐക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് പ്രിൻസിപ്പാളാണെന്നും നിഖില ആരോപിച്ചു. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുന്പ് ഒളിവിൽ കഴിഞ്ഞത് കോളേജിൽ തന്നെയായിരുന്നു. പോലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നസീം കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് മുറിയിൽ ഒളിവിൽ കഴിഞ്ഞത്.
ഒന്നാം വർഷ വിദ്യാർത്ഥികളെ കോളജ് കാന്റീനിൽ പ്രവേശിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താൽ പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. എല്ലാവരും എസ്.എഫ്.ഐയിൽ ചേർന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്. എതിർത്തു നിന്ന പലരെയും കോളേജിൽ നിന്ന് പറഞ്ഞു വിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിഖില പറഞ്ഞു.

