സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എംഎല്‍എമാര്‍കൂടി സുപ്രീംകോടതിയെ സമീപിച്ചു


ബെംഗളൂരു: കർണാടകയിലെ അഞ്ച് വിമത കോൺഗ്രസ് എംഎൽഎമാർകൂടി സ്പീക്കർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹർജി. റോഷൻ ബെയ്ഗ്, ആനന്ദ് സിങ്, കെ.സുധാകർ, എം.ടി.ബി നാഗരാജു, മുനിരകത്ന എന്നിവരാണ് ഹർജി നൽകിയത്. ഭരണഘടനയുടെ 190-ാം അനുഛേദപ്രകാരം ചട്ടങ്ങൾ പാലിച്ചാണ് രാജിക്കത്ത് നൽകിയത്. ബാഹ്യസമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ല. സ്വമേധയാ നൽകിയ രാജിയിൽ ഉറച്ചുനിൽക്കുന്നതായും ഇവർ ഹർജിയിൽ വ്യക്തമാക്കി.
കർണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികൾക്കൊപ്പം ഇവരുടെ ഹർജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ശനിയാഴ്ച രാവിലെയാണ് ഹർജി കോടതിയിലെത്തിയത്. ഹർജി കോടതിയിലെത്തിയതിന് ശേഷമാണ് വിമതര അനുനയിപ്പിക്കാനുള്ള നടപടികൾ കോൺഗ്രസ് വീണ്ടും നടത്തിയത്.
വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യതകൾ ശക്തമായിരിക്കെ കോൺഗ്രസ്- ജെഡിഎസ് ക്യാമ്പിന് പ്രതീക്ഷയേറി. എം.ടി.ബി നാഗരാജുവുമായി കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും ചർച്ചകൾ നടത്തി. നാഗരാജിനെ തിരികെ എത്തിക്കാനായാൽ കെ. സുധാകറും തിരികെ എത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എം.ടി.ബി.നാഗരാജ് പറഞ്ഞത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. ഡകെ.സുധാകർ റാവുമായി സംസാരിച്ച ശേഷം താൻ ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും നാഗരാജ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed