പാകിസ്താനെതിരെ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി


ന്യൂഡൽഹി: പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനർത്ഥം ഉണ്ടായാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശിക്ഷാ നടപടി തീർച്ചയായും ഉണ്ടാവുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്താൻ ഓരോതവണയും നിഴൽ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും അനർത്ഥം വിളിച്ചുവരുത്തുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാൻ സൈന്യം അചഞ്ചലമായി നിലകൊള്ളും. അതിനാൽ എന്തെങ്കിലും തെറ്റുകൾ കാണിച്ചാൽ അതിന് ശിക്ഷാ നടപടി ഉറപ്പായുമുണ്ടാകുമെന്നും ബിപിൻ റാവത്ത് പറഞ്ഞു.

ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞത്. ഭാവിയിൽ സംഘർഷമുണ്ടാവുകയാണെങ്കിൽ അത് കൂടുതൽ അക്രമാസക്തമാകമെന്നും അത് പ്രവചനാതീതമാകുമെന്നും ബിപിൻ റാവത്ത് പറഞ്ഞു. എന്നാൽ മനുഷ്യരുടെ പ്രധാന്യം ഒട്ടും കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സൈനികർക്ക് തന്നെയാകും എപ്പോഴും പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണരേഖ മറികടന്ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന വാർത്തകൾ കരസേനാ മേധാവി നിഷേധിച്ചു. അതിക്രമിച്ച് കടക്കൽ ഉണ്ടായിട്ടില്ലെന്നും നിയന്ത്രണരേഖയ്ക്ക് സമീപം വരെ അവർ എത്തിയെങ്കിലും നമ്മൾ അവരെ തടഞ്ഞെന്നും ബിപിൻ റാവത്ത് പറഞ്ഞു. ആ സമയത്ത് ഇന്ത്യയുടെ ഭാഗത്ത ഡെംചോക്കിൽ ടിബറ്റുകാർ പ്രദേശികമായി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇത് കണ്ടാണ് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചൈനീസ് സൈന്യം അടുത്തേക്ക് വന്നത്. അല്ലാതെ അതിക്രമിച്ച് കടക്കൽ നടന്നിട്ടില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed