യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസ്: ഒന്നാം പ്രതി പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് സിവിൽ പോലീസ് ഓഫിസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർഗോഡ്്) റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരൻ. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കും ശിവരഞ്ജിത്തിനാണ്. ജൂലൈ 1നാണ് റാങ്ക് ലിസ്റ്റ് നിലവിൽവന്നത്. നിയമന ശുപാർശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാസർഗോഡ് ജില്ലയിൽ അപേക്ഷിച്ചിരുന്ന ഇവർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ തന്നെയാണു പി.എസ്്.സി പരീക്ഷ എഴുതിയതെന്നും സൂചനയുണ്ട്.
തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ശിവരഞ്ജിത്തിന് പി.എസ്.സി പരീക്ഷയിൽ 78.33 മാർക്കാണ് ലഭിച്ചത്. സ്പോർട്സിലെ വെയിറ്റേജ് മാർക്കായി 13.58 മാർക്ക് ഉൾപ്പെടെ 91.91 മാർക്ക് ലഭിച്ചു. രണ്ടാം പ്രതിയും കോളേജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പോലീസ് റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. പാളയത്ത് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം.

