ബലക്ഷം മൂലം ഋഷികേശിലെ 90 വര്‍ഷം പഴക്കമുള്ള പാലം അടച്ചു
ഡെറാഡൂണ്‍: ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഋഷികേശിലെ ചരിത്രപ്രധാനമായ 90 വര്‍ഷം പഴക്കമുള്ള ലക്ഷ്മണ്‍ ഝുലാ പാലം അടച്ചു. ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാലം അടച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് പുണ്യനദിയായ ഗംഗയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലം വിദഗ്ദ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് അടച്ചത്. പി.ഡബ്ല്യൂ.ഡി വകുപ്പിലെ വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു.
പഴയപാലത്തിന് സമാന്തരമായി പുതിയതൊന്ന് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വലിയോരു ദുരന്തം ഒഴിവാക്കുന്നതിനാണ് പഴയ പാലം അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. തെഹ്‌റി ജില്ലയിലെ തപോവന്‍ ഗ്രാമത്തെയും പൗരി ജില്ലയിലെ ജോങ്ക് ഗ്രാമത്തെയുമാണ് ലക്ഷ്മണ്‍ ഝാല പാലം നിര്‍മ്മിക്കപ്പെട്ടത്. ഇപ്പോള്‍ ഋഷികേശിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം കൂടിയാണ് ഈ പാലം.

