കാസർഗോഡ് വൻ ക്ഷേത്ര കവർച്ച: തിരുവാഭരണം അടക്കം മുപ്പത് പവൻ കവർന്നു
കാസർഗോഡ്: കാസർഗോഡ് നീലേശ്വരം പേരാലിൽ ചിർമ്മഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച. വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ്ണം അടക്കം തിരുവാഭരണങ്ങളും വെള്ളി ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കണക്കെടുത്തപ്പോൾ മുപ്പത് പവനോളം നഷ്ടമായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കാൽകിലോ വെള്ളിയാഭരണങ്ങളും നഷ്ടമായിട്ടുണ്ട്.
രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. പൊലീസ് അടക്കം സ്ഥലതത്തെത്തി പരിശോധന നടത്തി. കലവറയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. കലവറയുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വിലപിടിപ്പുള്ള ആഭരണങ്ങൾക്കൊപ്പം കാലങ്ങൾ പഴക്കമുള്ള താളിയോല ഗ്രന്ധവും മോഷണം പോയിട്ടുണ്ട്.ക്ഷേത്ര ഭരണ സമിതി പരാതി നൽകിയതനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

