പാലാരിവട്ടം പാലം തകർന്ന് വീഴാതിരുന്നത് ദൈവകൃപ കൊണ്ട് മാത്രം: റൂർക്കി ഐ.ഐ.ടി വിദഗ്ദ്ധൻ


കൊച്ചി: ദൈവത്തിന്‍റെ കൃപ കൊണ്ട് മാത്രമാണ് പാലാരിവട്ടം മേൽപ്പാലം തകർന്ന് വീഴാതിരുന്നതെന്ന് റൂർക്കി ഐ.ഐ.ടിയിലെ വിദഗ്ദ്ധനും ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗവുമായ ഭൂപീന്ദർ സിംഗ്്. വിജിലൻസ് സംഘത്തിന്‍റെ ആവശ്യപ്രകാരം ബലക്ഷയം നിർണയിക്കാനുള്ള പരിശോധനകൾക്കായി പാലാരിവട്ടം മേൽപ്പാലം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മേൽപ്പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ദേശീയപാത വിഭാഗം എഞ്ചിനീയർമാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസിന്‍റെ സഹായം വിജിലൻസ് തേടിയിരുന്നു.  ഇതനുസരിച്ചാണ് റോഡ്സ് കോൺഗ്രസ് അംഗമായ പ്രൊഫസർ ഭൂപീന്ദർ സിംഗ് പാലം പരിശോധിക്കാനെത്തിയത്. 

റൂർക്കി സംഘത്തിന്‍റെ കൂടി നിർദ്ദേശങ്ങൾക്കനുസരിച്ചാകും വിജിലൻസ് തുടർ പരിശോധനകൾ നടത്തുക. പാലത്തിന്‍റെ വിവിധ  ഭാഗത്ത് നിന്ന് കൂടുതൽ സാന്പിളുകൾ  ശേഖരിച്ച് ബലക്ഷയം കൃത്യമായി നിർണയിക്കാനാണ് വിജിലൻസിന്‍റെ തീരുമാനം. ഇതിനായി ചൊവ്വാഴ്ച സാന്പിളുകൾ ശേഖരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed