സ്വയം വിരമിക്കാൻ അനുവദിക്കില്ല; ജേക്കബ് തോമസിനെതിരെ കേന്ദ്രത്തിന് സംസ്ഥാന സർക്കാറിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ സ്വയം വിരമിക്കാൻ അനുവദിക്കില്ലെന്നറിയിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകി. സർക്കാരിനെ വിമർശിച്ചതിനും സർവ്‍വീസ് ചട്ടലംഘനത്തിനും സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെ വിരമിക്കാൻ അനുവദിക്കാനാകില്ല എന്ന് കാണിച്ചാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. സംസ്ഥാനം എതിർക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനു വി.ആർ.എസ് അനുവദിക്കാൻ ചട്ടമില്ല.
ഓഖി, പ്രളയം സംഭവങ്ങളിൽ സർക്കാരിനെ വിമർശിച്ചതും അനുവാദമില്ലാതെ സർവ്‍വീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തിയതും ഗുരുതര ചട്ടലംഘനമായി ചൂണ്ടികാണിക്കുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിലെ ക്രമക്കേടിൽ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടും ചേർത്തിട്ടുണ്ട്.

