സി.പി.ഐയെ മുന്നണിയിലേക്ക് ക്ഷണിച്ച് ചന്ദ്രികയിൽ ലേഖനം: കെ.പി.എ. മജീദിനെ പിന്തുണച്ച് ലീഗ് മുതിർന്ന നേതാക്കൾ
ഷീബ വിജയൻ
കോഴിക്കോട്: സി.പി.ഐയെ പരോക്ഷമായി മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതിയ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദിന്റെ നിലപാടിനെ തള്ളാതെ മുതിർന്ന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.എം.എ. സലാമും രംഗത്തെത്തി. ചരിത്രത്തിൽ എന്തും സംഭവിച്ചുകൂടേ എന്നായിരുന്നു ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സി.പി.ഐയും മുസ്ലിം ലീഗും കോൺഗ്രസും ഒന്നിച്ചിരുന്ന കാലം നല്ല കാലമായിരുന്നുവെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, സി.പി.ഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ച് പാർട്ടിയിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും എന്നാൽ അത്തരം കാര്യങ്ങളിൽ ചർച്ചകൾ നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു.
അതേസമയം, എൽ.ഡി.എഫിൽ തങ്ങൾ പൊരിവെയിലത്താണോ തണലത്താണോ ഉള്ളതെന്ന് ചിന്തിക്കേണ്ടത് സി.പി.ഐ തന്നെയാണെന്നും ലീഗിന്റെ അഭിപ്രായത്തിൽ അവരിപ്പോൾ പൊരിവെയിലത്താണ് നിൽക്കുന്നതെന്നും പി.എം.എ. സലാം കോഴിക്കോട് പറഞ്ഞു. ചന്ദ്രികയിലെ ലേഖനം ഏതെങ്കിലും പാർട്ടിയെ നേരിട്ട് ക്ഷണിക്കുന്നതല്ലെന്നും 'ക്ഷണം' എന്ന വാക്ക് അതിൽ ഉപയോഗിച്ചിട്ടില്ലെന്നും സലാം വ്യക്തമാക്കി. ഇടതുമുന്നണിയിൽ സി.പി.ഐ അനുഭവിക്കുന്ന അവഗണനയും അവരുടെ പഴയ പ്രതാപവും മുസ്ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടങ്ങളുമാണ് ലേഖനത്തിലുള്ളത്. യു.ഡി.എഫിലേക്ക് സി.പി.ഐയെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ ക്ഷണിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അത്തരം ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, മുസ്ലിം ലീഗും മതസംഘടനകളും തമ്മിൽ യാതൊരു തർക്കവുമില്ലെന്നും ഇത്തരം സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ലെന്നും സലാം വ്യക്തമാക്കി.
sdfdfsdsfdfsdsds

