അനധികൃത സ്വത്ത് സമ്പാദനം; സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം
കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ വീണ്ടും പാർട്ടി അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. കളമശ്ശേരിയിലെ സിപിഎം നേതാവാണ് പരാതിക്കാരൻ. നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സക്കീർ അറസ്റ്റിലായിരുന്നു.
കളമശ്ശേരിയിലെ പാർട്ടി അംഗമാണ് ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്. അനധികൃത സ്വത്ത് സമ്പാദനം, വലിയ വിലയുടെ വീട് വാങ്ങി, ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളുണ്ടായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാകമ്മിറ്റിക്ക് പരാതി നൽകിയത്. ഇതേതുടർന്നാണ് ഇപ്പോൾ അന്വേഷണ കമ്മീഷനെ നിശ്ചയിച്ചിരിക്കുന്നത്. സി.എം ദിനേശ്മണി, പി.ആർ മുരളി എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെയാണ് ഈ കാര്യങ്ങൾ അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്.

