കണ്ണൂർ, വിയ്യൂർ ജയിലുകളിൽ റെയ്ഡ്: ടി.പി കേസ് പ്രതിയിൽ നിന്ന് രണ്ട് ഫോണുകൾ പിടികൂടി


 

കണ്ണൂർ/തൃശൂർ: കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ പൊലീസിന്റെ മിന്നൽ പരിശോധന. കണ്ണൂരിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങും വിയ്യൂരിൽ കമ്മീഷണർ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ നാലോടെയായിരുന്നു പരിശോധന. കണ്ണൂരിലെ റെ‍യ്ഡിൽ മൊബൈൽ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുന്പുവടി, ഫോൺ, സിം കാർഡുകൾ ബാറ്ററികൾ, റേഡിയോ തുടങ്ങിയവയും കണ്ടെത്തി. റേഞ്ച് ഐ.ജി അശോക് യാദവ്, എസ്.പി പ്രതീഷ് കുമാർ എന്നിവരും ഋഷിരാജ് സിങ്ങിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരാണ് റെയ്ഡിൽ പങ്കെടുത്തത്.

തൃശൂർ വിയ്യൂരിൽ നടത്തിയ റെയ്ഡിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിയുടെ കയ്യിൽ നിന്ന് രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സ്മാർട്ട് ഫോണുകളാണ് കണ്ടെടുത്തത്. 2017ൽ വിയ്യൂരിലും 2014 ൽ കോഴിക്കോട്ടും നടത്തിയ റെയ്ഡുകളിൽ ഷാഫിയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര അതി നാടകീയമായി പുലർച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്‍ഡിൽ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതിൽ രണ്ടെണ്ണം ഷാഫിയുടേതാണ്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed