ബിനോയ് കോടിയേരി ഒളിവിൽ, യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവ്
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ ഒളിവിൽ. ബിനോയ് എവിടെയെന്ന് വിവരമില്ലെന്നും എന്നാൽ കേരളം വിട്ടിട്ടില്ലെന്നാണ് വിവരമെന്നും പൊലീസ് വ്യക്തമാക്കുന്നത്. ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.
ബിനോയ് കോടിയേരി യുവതിക്കൊപ്പം കഴിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. മുംബൈയിൽ ഫ്ലാറ്റിലും പല ഹോട്ടലുകളിലും ബിനോയ് യുവതിയ്ക്ക് ഒപ്പം താമസിച്ചിട്ടുണ്ട്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേരളത്തിലെത്തിയത്. രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷം സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്.
ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു. ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്.

