ഹർത്താലിലെ അക്രമം: ശക്തമായ നടപടികളുമായി പോലീസ്
മലപ്പുറം : സംസ്ഥാനത്് ഇന്നലെ നടന്ന അപ്രഖ്യാപിത ഹർത്താലിന്‍റെ പേരിൽ നടത്തിയ അക്രമങ്ങളിൽ പോലീസ് കർശന നടപടി ആരംഭിച്ചു. വിവിധ ജില്ലകളിൽ ഹർത്താലിന്‍റെ പേരിൽ അക്രമവും അഴിഞ്ഞാട്ടവും നടത്തിയവർക്കെതിരെ കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 250 പേരാണ് അറസ്റ്റിലായത്. ഇതിൽ 91 പേർക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. വാട്സ് ആപ്പ് വഴി ഹർത്താലിന് ആഹ്വാനം ചെയ്യുകയും അക്രമിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. തീവ്രനിലപാടുള്ള ചില സംഘടനകളുടെ പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിക്കപ്പെട്ടത്. ഈ ഗ്രൂപ്പുകൾ എല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
കാസർഗോഡ്, മലപ്പുറം, കണ്ണൂർ ജില്ലകളിലും അക്രമം നടത്തിയവർക്കെതിരേ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. കാസർഗോട്ട് വിവിധ മേഖലകളിൽ വാഹനങ്ങൾ തടയുകയും കടകൾ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ 104 പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹർത്താലുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിരിക്കുന്നത്.
കണ്ണൂർ, മലപ്പുറം ജില്ലകളിലും അക്രമികൾക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറത്ത് സംഘർഷങ്ങളുടെ പേരിൽ ചിലയിടത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഹർത്താലിന്‍റെ പേരിൽ അക്രമം നടത്തിയ സംഭവത്തിൽ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്. മലപ്പുറത്ത് വിവിധ േസ്റ്റഷനുകളിലായി നൂറോളം പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭൂരിഭാഗം പേരെയും ജാമ്യത്തിൽ വിട്ടെങ്കിലും പോലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതൽ നശിപ്പിക്കാനും മുന്നിൽനിന്ന പതിനഞ്ചോളം പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഹർത്താൽ അനുകൂലികൾ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. എടക്കര, പൊന്നാനി, താനൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പോലീസുകാർക്കെതിരെ ആക്രമണമഴിച്ചുവിട്ട കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. സംഘർഷത്തെത്തുടർന്ന് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂർ, താനൂർ, പരപ്പനങ്ങാടി േസ്റ്റഷൻ പരിധികളിൽ സ്ഥിതി ശാന്തമാണ്. താനൂർ മേഖലയിൽ സംഘർഷം തടയാൻ സായുധ കാവൽ ഏർപ്പെടുത്തി. കടകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് താനൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.



