ലോൺ തവണകൾ മാറ്റിവെച്ചതിലെ അധിക പലിശ ഒഴിവാക്കണം: ബഹ്‌റൈൻ പാർലമെന്റിൽ അടിയന്തര പ്രമേയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

വായ്പ തിരിച്ചടവ് തവണകൾ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ബാങ്കുകൾ ഈടാക്കുന്ന അധിക പലിശ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് അഞ്ച് എംപിമാർ ബഹ്‌റൈൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വഴി രാജ്യത്തെ ബാങ്കുകൾക്കും ഫിനാൻസ് കമ്പനികൾക്കും ഇതിനാവശ്യമായ കർശന നിർദ്ദേശം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഖാലിദ് ബുവാനക്, സൈനബ് അബ്ദുൽ അമീർ, ഹിഷാം അൽ അവാദി, അഹമ്മദ് അൽ സല്ലൂം, മുഹമ്മദ് അൽ മാരിഫി എന്നിവർ ചേർന്നാണ് ഈ അടിയന്തര പ്രമേയം സമർപ്പിച്ചത്.

നിലവിലെ സാഹചര്യത്തിൽ പൗരന്മാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തവണകൾ മാറ്റിവെക്കാനുള്ള പദ്ധതി നടപ്പിലാക്കിയതെന്ന് എംപി ഖാലിദ് ബുവാനക് വിശദീകരിച്ചു. എന്നാൽ, ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നവരിൽ നിന്ന് ബാങ്കുകൾ അധിക പലിശ ഈടാക്കുന്നത് പൗരന്മാരെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഇത് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും, ഇതിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കുന്നതിന് പകരം സാമ്പത്തിക സ്ഥാപനങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിന്റെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യം നേരത്തെ ലഭിച്ചിട്ടുള്ള ബാങ്കുകൾ, രാജ്യത്തെ ജനങ്ങളെ സഹായിക്കാൻ ഇപ്പോൾ മുന്നോട്ടുവരണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. തവണകൾ മാറ്റിവെക്കുന്നത് പൗരന്മാർക്ക് താത്കാലിക ആശ്വാസം നൽകാനാവണം, അല്ലാതെ ഭാവിയിൽ വലിയ കടക്കെണി ഉണ്ടാക്കാനാവരുത്. ഈ അധിക തുകകൾ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ നേരിട്ട് ബാധിക്കുന്നതിനാലാണ് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് എംപിമാർ ആവശ്യപ്പെട്ടത്. പദ്ധതിയെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സെൻട്രൽ ബാങ്കിന്റെ ഇടപെടൽ അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

article-image

dgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed