ഇറാൻ ചർച്ചയ്ക്ക് തയ്യാറാകണം, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടണം: മുന്നറിയിപ്പുമായി ട്രംപ്
പ്രദീപ് പുറവങ്കര I അന്തർദേശീയം
ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ ഇറാൻ അഭൂതപൂർവമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'ദി ജോൺ ഫ്രെഡറിക്സ് ഷോ' എന്ന റേഡിയോ പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഒരു ന്യായമായ കരാറിലെത്താനും രാജ്യം പുനർനിർമ്മിക്കാനും തയ്യാറാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും, ഇറാൻ വിഷയത്തിൽ തങ്ങൾ തുടങ്ങിയ ദൗത്യം വിജയകരമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക ഏർപ്പെടുത്തിയ തുറമുഖ ഉപരോധം മൂലം ഇറാന് പ്രതിദിനം കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഒരു കരാറിൽ എത്തുന്നത് വരെ ഈ ഉപരോധം നീക്കില്ലെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ആവർത്തിച്ചു. പ്രതിദിനം 500 മില്യൺ ഡോളറിന്റെ നഷ്ടം ഇറാന് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഒരു കാരണവശാലും ആണവായുധങ്ങൾ കൈവശം വെക്കാൻ അമേരിക്ക അനുവദിക്കില്ലെന്നത് വളരെ ലളിതമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ നയതന്ത്ര പാടവവും ഇറാനെതിരെയുള്ള കർശന നടപടികളുമാണ് ഒരു നല്ല കരാറിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഒരു കരാറിന് അമേരിക്ക മുമ്പെന്നത്തേക്കാളും അടുത്തെത്തിയിരിക്കുകയാണെന്നും അവർ കൂട്ടിചേർത്തു. അതേസമയം, രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച വെടിനിർത്തൽ നീട്ടാൻ സാധ്യതയില്ലെന്നും ബുധനാഴ്ച വൈകുന്നേരത്തോടെ ഇതിന്റെ കാലാവധി അവസാനിക്കുമെന്നും ട്രംപ് ബ്ലൂംബെർഗിനോട് പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സൈനിക നടപടികൾ ഉണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
sdfdsf



