ഓഖി ദുരിതാശ്വാസം കടലാസിൽ; സർ‍ക്കാർ കടുത്ത അലംഭാവം കാണിക്കുന്നുവെന്ന് ലത്തീൻ‍ അതിരൂപത


തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങൾ സർക്കാർ നൽകിയില്ലെന്ന ആരോപണവുമായി ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് സീസെപാക്യം രംഗത്ത്. ദുരിതാശ്വാസ പ്രവർ‍ത്തനങ്ങളിൽ‍ സർ‍ക്കാർ‍ കടുത്ത അലംഭാവം കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെറും 49 കുടുംബങ്ങൾ‍ക്ക് മാത്രമാണ് സർ‍ക്കാർ‍ നഷ്‌ട പരിഹാരം നൽ‍കിയത്. മറ്റ് പ്രവർ‍ത്തനങ്ങൾ‍ മുന്നോട്ട് പോയില്ല. ഇതിൽ‍ തങ്ങൾ‍ക്ക് കടുത്ത അമർ‍ഷമുണ്ടെ
ന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർ‍ത്താ സമ്മേളനത്തിൽ‍ പറഞ്ഞു.

ഓഖി ദുരന്തത്തെ തുടർന്ന് കേരളത്തിൽ‍ 146 പേർ മരിച്ചെന്നാണ് സഭയുടെ കണക്ക്. മരിച്ചവരുടെ എണ്ണത്തിൽ‍ ഇപ്പോഴും സർ‍ക്കാരിന് കൃത്യമായ കണക്കില്ല. സർ‍ക്കാർ‍ സഭയുമായി സഹകരിച്ചെങ്കിൽ‍ പുനരധിവാസം എളുപ്പമായേനെ. ദുരിത ബാധിതർ‍ക്ക് ജോലി, വീട്, ചികിത്സ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് നൽ‍കിയത്. എന്നാൽ‍ അതിൽ‍ മിക്കതും പാലിക്കപ്പെട്ടില്ല. ലത്തീൻ‍ സഭയ്‌ക്ക് ചെയ്യാൻ‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ‍ സർ‍ക്കാർ‍ സഹായമില്ലെങ്കിൽ‍ ഇത് ഫലപ്രദമാകില്ല. 146 പേരാണ് കേരളത്തിൽ‍ മരിച്ചത്. ദുരിത ബാധിതർ‍ക്ക് തമിഴ്നാട് സർ‍ക്കാർ‍ വാഗ്ദാനം ചെയ്തിരുന്ന സഹായം എല്ലാം കൊടുത്തിട്ടുണ്ട്. തമിഴ്നാട് സർ‍ക്കാർ‍ ആത്മാർ‍ത്ഥമായി പരിശ്രമിക്കുന്നുമുണ്ട്. എന്നാൽ‍ കേരള സർ‍ക്കാർ‍ ഇക്കാര്യത്തിൽ‍ അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പരിക്കേറ്റ 498 പേരെ പരിഗണിച്ചില്ല. വിദ്യാർത്ഥികളുടെ പഠന ഫീസ്, വിവാഹ കാര്യം, വായ്പ  എന്നിവയിൽ അവ്യക്തത നിലനിൽ‍ക്കുന്നു. ഓഖി ദുരിതിബാധിതർ‍ക്കായി സർ‍ക്കാർ‍ സമാഹരിച്ച തുകയുടെ കാര്യത്തിൽ‍ സോഷ്യൽ ഓഡിറ്റ് നടത്തണം. ലത്തീൻ‍ സഭ സമാഹരിച്ച തുകയുടെ കണക്ക് സഭ പുറത്തുവിടുമെന്നും സൂസെപാക്യം പറഞ്ഞു. എല്ലാ പിന്തുണയും നൽ‍കുന്ന അനുകൂല നിലപാടാണ് മുഖ്യമന്ത്രിയെ സന്ദർ‍ശിച്ചപ്പോൾ‍ തങ്ങൾ‍ക്ക് ലഭിച്ചത്. എന്നാൽ‍ പ്രവർ‍ത്തന രംഗത്ത് ഇത് പാലിക്കപ്പെടുന്നില്ല. പാർ‍ട്ടി സമ്മേളനമൊക്കെ പറഞ്ഞാണ് ദുരിതാശ്വാസ പ്രവർ‍ത്തനങ്ങൾ‍ വൈകിപ്പിക്കുന്നത്. കാര്യങ്ങൾ‍ അനന്തമായി നീണ്ടുപോകരുത്.  ഇക്കാര്യങ്ങൾ‍ ആവശ്യപ്പെട്ട് വീണ്ടും സർ‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed