നെടുന്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് നേരിട്ട് സർവ്വീസ് ആരംഭിക്കും
നെടുന്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് നേരിട്ട് സർവ്വീസ് ആരംഭിക്കും. ഇതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ കുര്യൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചില വിദേശ എയർലൈൻസുകളുമായി ഇതിനുവേണ്ട ചർച്ചകൾ നടന്നുവരികയാണെന്നും സർവ്വീസിന് തയ്യാറാകുന്ന എയർലൈൻസിന് ഒരു വർഷത്തേക്ക് നെടുന്പാശ്ശേരി വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസും ലാൻഡിംഗ് ഫീസും പൂർണമായും ഒഴിവാക്കി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒരു ദിവസം ശരാശരി 350 യാത്രക്കാരാണ് ഇപ്പോൾ നെടുന്പാശ്ശേരിയിൽ നിന്ന് യാത്ര ചെയ്യുന്നത്. നേരിട്ടുള്ള സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നത് സിയാലിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും വി.ജെ. കുര്യൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എയർ കേരള വിമാന കന്പനി പരിഗണനയിലില്ല.
വിമാന യാത്രയിൽ അഭ്യന്തര യാത്രക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ വിവിധ ജില്ലകളിൽ സംസ്ഥാന സർക്കാർ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. സർക്കാർ സാന്പത്തിക സഹായം നൽകിയാൽ എയർ സ്ട്രിപ്പുകളുടെ നിർമ്മാണ ചുമതല ഏറ്റെടുക്കാൻ സിയാൽ മുന്നോട്ടു
വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നര വർഷത്തിനകം നെടുന്പാശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് ബോട്ട് സർവ്വീസ് ആരംഭിക്കാൻ കഴിയും. ഇതിനായി സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ടുകളാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 30 കിലോ മീറ്റർ ദൂരമാണ് ജലപാതയ്ക്ക് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിൽ സിയാലിന് 49 ശതമാനം ഓഹരിയുള്ള ജലപാത 2020 മെയ് മാസത്തിൽ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ ബേക്കലിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ജല ഗതാഗതം ആരംഭിക്കുന്നത്. സിയാൽ ഡയറക്ടർ എ.സി.കെ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം ഷബീർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

