ചായയ്ക്കായി മാത്രം ഫഡ്നാവിസിന്റെ ഓഫീസ് ചിലവഴിച്ചത് 3.34 കോടി രൂപ
മുംബൈ: മഹരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെതിരേ ചായ അഴിമതി ആരോപണവുമായി കോൺഗ്രസ്. മുഖ്യമന്ത്രിയുടെ ഓഫീസ് ചായയ്ക്കായിമാത്രം ഒരു വർഷം 3.34 കോടി രൂപ ചെലവഴിച്ചതു ചൂണ്ടിക്കാട്ടിയാണു കോൺഗ്രസ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. 2017−18 സാന്പത്തിക വർഷത്തിൽ 3,34,64,905 രൂപയാണ് ഫഡ്നാവിസിന്റെ ഓഫീസ് ചായയ്ക്കായി ചെലവഴിച്ചത്.
തൊട്ടുമുന്‍പത്തെ വർഷം ഇത് 1.20 കോടി രൂപ മാത്രമായിരുന്നു. അതായത് ഒരു വർഷംകൊണ്ട് 2.14 കോടി രൂപയുടെ വർധനവ്. മുഖ്യമന്ത്രിയുടെ ഓഫീസ് ചായയ്ക്കായി ഒരു മാസം 27 ലക്ഷം രൂപയും ഒരു ദിവസം 92,958 രൂപയും ചെലവഴിച്ചതായി വിവരാവകാശപ്രകാരം ലഭിച്ച രേഖകളിൽ പറയുന്നു. ഇത്തരത്തിൽ, ഒരു കപ്പ് ചായയ്ക്ക് അഞ്ചു രൂപ എന്നു കണക്കാക്കിയാൽ 18,591 കപ്പ് ചായ ഒരു ദിവസം ലഭിക്കുമെന്നും ഇത്രയും കപ്പ് ചായ ഒരിക്കലും മുഖ്യമന്ത്രിയുടെ ഓഫീസിൽ കുടിക്കാൻ കഴിയില്ലെന്നും ഇത് അഴിമതിയാണെന്നും മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം ആരോപിച്ചു.

