ഗുജറാത്തിൽ വ്യോമ താവളം നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
ന്യൂഡൽഹി : ഗുജറാത്തിലെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് യുദ്ധ വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള പ്രത്യേക മന്ത്രിസഭാ സമിതി ബുധനാഴ്ച ഇതിന് അംഗീകാരം നൽകി. ഇതോടുകൂടി വർഷങ്ങളായുള്ള വ്യോമസേനയുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വടക്ക് പടിഞ്ഞാറൻ ഗുജറാത്തിൽ ബനാസ്കന്ത ജില്ലയോടു ചേർന്നുള്ള ദീസയിലാണ് പ്രസ്തുത വിമാനത്താവളം വരുന്നത്.
നിലവിൽ ദീസയിൽ ചെറിയൊരു വിമാനത്താവളം ഉണ്ടെങ്കിലും ഇത് പര്യാപ്തമല്ലാത്തതിനെ തുടർന്നാണ് 1000 മീറ്റർ റൺവേയായി വികസിപ്പിച്ചു കൊണ്ട് പുതിയ വിമാനത്താവളം ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ ആയിരം കോടിയാണ് നിർദ്ദിഷ്ട പദ്ധതിയ്ക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. പത്ത് വർഷം മുന്പുതന്നെ ഇതിനായി 4000 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും മുടങ്ങിപ്പോവുകയായിരുന്നു.
ഇപ്പോൾ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് വിമാനത്താവളം യാഥാർത്ഥ്യമാകുന്നതിന് വഴിയൊരുങ്ങിയത്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വ്യോമസേനാ വൃത്തങ്ങൾ തയ്യാറായില്ല. അതേസമയം ദീസയിലെ യുദ്ധ വിമാനത്താവളം ഇന്ത്യൻ വ്യോമസേനയ്ക്ക് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു.

