ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി
കൊച്ചി : ഡി.ജി.പി ജേക്കബ് തോമസ് ഐ.പി.എസിനെ ബിനാമി ഇടപാടുകാരനെന്ന് വിശേഷിപ്പിച്ച് കോടതി. തമിഴ്നാട്ടിലെ രാജപാളയത്ത് അനധികൃതമായി സ്വത്ത് കൈവശം വച്ചെന്ന കേസ് കഴിഞ്ഞ മാസം 17ന് പരിഗണിച്ചപ്പോഴായിരുന്നു എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജേക്കബ് തോമസിനെ ബിനാമി ദാർ എന്ന് വിശേഷിപ്പിച്ച് രൂക്ഷമായി വിമർശിച്ചത്.
രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50ഏക്കറിലെ അൽഫോൺസോ മാവിൻതോട്ടം വാങ്ങിയത് സ്വത്ത് വിവരത്തിൽ മറച്ചു വച്ചെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ആർ.വാസുദേവൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
എന്നാൽ, പരാതി നൽകിയ ആൾ സ്വകാര്യ വ്യക്തി ആയതിനാൽ തന്നെ കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് (സി.ബി.ഡി.ടി) നിയമം അനുസരിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യണമെങ്കിൽ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നും കോടതി പറഞ്ഞു. ഇതോടെ പരാതിയുമായി സി.ബി.ഡി.ടിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
2001 നവംബറിലാണ് ജേക്കബ് തോമസിന്റെ പേരിൽ രാജപാളയത്ത് 50 ഏക്കർ മാവിൻതോട്ടം വാങ്ങിയത്. ഇസ്ര അഗ്രോടെക് സിസ്റ്റംസ് കന്പനിയുടെ ഉടമസ്ഥന്മാർ വിദേശത്തായിരുന്നതിനാൽ അവരുടെ പണമുപയോഗിച്ച് സ്വന്തം പേരിൽ ജേക്കബ് തോമസ് ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥാനായിരിക്കെ ജേക്കബ് തോമസിന് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ ഡയക്ടറായി ഇരിക്കാൻ അനുവാദമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, 1997മുതൽ 2007വരെ കാലയളവിലെ ജേക്കബ് തോമസിന്റെ സ്വത്തുക്കൾ വിജിലൻസ് പരിശോധിച്ച് ക്ലീൻചിറ്റ് നൽകിയിരുന്നു. കേന്ദ്ര സർക്കാരും അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

