ചേരാനല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കില്ല; പോലീസിനും പ്രോസിക്യൂഷനും എറണാകുളം സെഷൻസ് കോടതിയുടെ രൂക്ഷവിമർശനം
ശാരിക
എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നൽകിയ അപ്പീലുകൾ എറണാകുളം സെഷൻസ് കോടതി തള്ളി. എന്ത് അടിസ്ഥാനത്തിലാണ് പതിനേഴുകാരനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ആരാഞ്ഞ കോടതി, ജുവനൈൽ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോ എന്ന് രൂക്ഷമായി ചോദിച്ചു. ജുവനൈൽ കേസുകളിൽ കുറഞ്ഞത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് മാത്രമേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകൂ എന്ന് കോടതി വ്യക്തമാക്കി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളെ കോടതി അതിശക്തമായി വിമർശിച്ചു. ജെ.ജെ ആക്ടിലെ നിയമവശങ്ങളും വകുപ്പുകളും ഉദ്യോഗസ്ഥൻ കൃത്യമായി അറിഞ്ഞിരിക്കണമെന്നും, സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണോ എന്നും കോടതി ചോദിച്ചു. ഈ കേസിന് മാത്രമായി എന്താണ് ഇത്രയും പ്രത്യേകതയെന്ന് ആരാഞ്ഞ കോടതി, ഒരു ദിവസം തന്നെ രണ്ട് തവണ കുട്ടിയെ ജുവനൈൽ ബോർഡിന് മുൻപിൽ ഹാജരാക്കിയതിനെയും ചോദ്യം ചെയ്തു. ഉച്ചയ്ക്ക് വീട്ടിലേക്ക് വിട്ട കുട്ടിയെ രാത്രി വീണ്ടും കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ എന്ത് ഗുരുതര കുറ്റകൃത്യമാണ് ചുമത്താനുള്ളതെന്നും, ആരെങ്കിലും സമ്മർദ്ദം ചെലുത്തിയാൽ ഉടൻ അന്വേഷണത്തിൽ മാറ്റങ്ങൾ വരുത്തുകയാണോ എന്നും സെഷൻസ് കോടതി ചോദിച്ചു.
പതിനേഴുകാരൻ നിലവിലെ ജാമ്യത്തിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ കോടതി, തെറ്റായ രീതിയിൽ നടപടികൾ സ്വീകരിച്ചതിന് പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കാൻ പ്രോസിക്യൂഷന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
ssdf

