കാലടി സർവകലാശാല പരീക്ഷാ തർക്കം: പ്രത്യേക പരീക്ഷയുടെ കാര്യത്തിൽ ഹൈക്കോടതിക്ക് തീരുമാനമെടുക്കാം; സർവകലാശാല നിർദ്ദേശം പാലിക്കണമെന്ന് സുപ്രീംകോടതി


ശാരിക

ന്യൂഡൽഹി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം പരീക്ഷ നടത്തണമോ എന്ന കാര്യം ഹൈക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നും പരീക്ഷ നടത്താനാണ് കോടതി നിര്‍ദേശിക്കുന്നതെങ്കില്‍ സര്‍വകലാശാല അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

പ്രത്യേകം പരീക്ഷ നടത്താന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിര്‍ദേശം. നേരത്തേ ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഈ ആവശ്യപ്രകാരമുള്ള ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം സര്‍വകലാശാലയില്‍ പി.ജി. വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. യു.ജി. വിദ്യാര്‍ത്ഥികളുടെ പരീക്ഷ തൊട്ടടുത്ത ദിവസവും ആരംഭിക്കും.

നേരത്തെ, സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നൽകി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഉണ്ടാകുകയായിരുന്നു. ആവശ്യത്തിന് ഹാജരില്ലാത്തതും ഗുരുതരമായ അച്ചടക്കലംഘനവുമാണ് വിദ്യാര്‍ത്ഥികൾക്കെതിരെ സര്‍വകലാശാല ചൂണ്ടിക്കാണിക്കുന്നത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയിൽ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമർപ്പിക്കുകയായിരുന്നു. ഈ ഹർജിയാണ് ഹൈക്കോടതി സിംഗിള്‍ബഞ്ച് അടിയന്തിരമായി പരിഗണിച്ച്‌ ഉചിതമായ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കോടതി ഉത്തരവ് പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നാണെങ്കില്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും സർവകലാശാല ഒരുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏഴു വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യമുള്ളത്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed