ശുഹൈബ് വധക്കേസിലെ പ്രതികളെ സി.പി.എം പുറത്താക്കി

കണ്ണൂർ : യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ശുഹൈബിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളായ നാല് പ്രവർത്തകരെ സി.പി.എം പുറത്താക്കി. മുഖ്യപ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേരെയാണ് സി.പി.എം പുറത്താക്കിയത്. ടി.കെ അസ്‌കർ, കെ. അഖിൽ, സി.എസ് ദീപ്ചന്ദ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് പ്രതികൾ. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ജില്ലാ കമ്മറ്റി യോഗമാണ് പ്രതികളെ പുറത്താക്കിയത്.
ശുഹൈബ് വധക്കേസിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. പാർട്ടി ഏരിയ നേതൃത്വം പ്രതികളെ അച്ചടക്ക നടപടിയിൽ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കർശന നിലപാടാണ് പ്രതികൾക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ കാരണം. സമീപകാലത്ത് സി.പി.എമ്മിന് ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ സംഭവമാണ് ശുഹൈബ് വധം.
ഫെബ്രുവരി 12 ന് രാത്രി പതിനൊന്നരയ്ക്കാണ് യൂത്ത് കോണൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന് വെട്ടേറ്റത്. തെരൂരിൽ സുഹൃത്തുക്കൾക്കൊപ്പം തട്ട്കടയിൽ ചായ കുടിക്കുന്പോഴാണ് കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും വെട്ടേറ്റിരുന്നു. നെഞ്ചിനും കാലുകൾക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.പ്രതികൾ രണ്ടാഴ്ച മുന്പ് അറസ്റ്റിലായെങ്കിലും, കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി സിബിഐക്കു കൈമാറിയതിനു പിന്നാലെയാണ് നടപടി.