ഡാമുകളിൽ മെച്ചപ്പെട്ട ജലസംഭരണം : കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി
തൃശൂർ : വേനൽ രൂക്ഷമായതോടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടൽ ശക്തമാക്കി. തൃശൂർ ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ വരൾച്ചയും കുടിവെള്ളക്ഷാമവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് ആശ്വാസകരമാണ്. കുടിവെള്ളത്തിന് മുൻഗണന നൽകി ബാക്കി വെള്ളമുണ്ടെങ്കിൽ കൃഷി ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തും.
ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തും. കുറ്റമറ്റരീതിയിൽ ജലവിതരണം നടത്താൻ തൃശൂർ കോർപറേഷനും വാട്ടർ അതോറിറ്റിയും സജ്ജമായി. പീച്ചി ഡാമിൽനിന്നുള്ള ഇടതുകര കനാൽ 12നും വലതുകര കനാൽ 17നും തുറക്കും. 79.25 മീറ്റർ ആഴമുള്ള പീച്ചി ഡാമിൽ ജലനിരപ്പ് 71.95 മീറ്ററാണ്. ജലസംഭരണം 28.389 ദശലക്ഷം ഘനമീറ്ററുണ്ട്. ഒരു മാസത്തോളം ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കെ രാജൻ എംഎൽഎ അറിയിച്ചു. വാഴാനി ഡാമിൽ മാർച്ച് ഒന്നിന് കനാൽ തുറന്നത് 12 വരെ തുടരും. 62.48 മീറ്റർ ആഴമുള്ള വാഴാനി ഡാമിൽ ജലനിരപ്പ് 53.4 മീറ്ററും ജലസംഭരണം 7.49 ദശലക്ഷം ഘനമീറ്ററുമാണ്. 15 മുതൽ പത്ത് ദിവസം പുഴയിലൂടെയും വാഴാനിയിൽ നിന്ന് വെള്ളം തുറന്നുകൊടുക്കുമെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു.
ചിമ്മിനി ഡാമിൽ നിന്ന് ഡിസംബറിൽത്തന്നെ വെള്ളം തുറന്നുവിട്ടിരുന്നു. ഇത് അതത് പ്രദേശത്ത് കുടിവെള്ളത്തിനും കൃഷിക്കും പ്രയോജനപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം 66.07 മീറ്ററിൽ ജലസംഭരണം 12.797 ദശലക്ഷം ഘനമീറ്ററേ ഉണ്ടായിരുന്നുള്ളൂ. 76.4 മീറ്റർ ആഴമുള്ള ചിമ്മിനി ഡാമിൽ ജലനിരപ്പ് 56.95 മീറ്ററും ജലസംഭരണം 39.07 ദശലക്ഷം ഘനമീറ്ററുമാണ്.

