കുറവൻ-കുറത്തി ശിൽപ്പത്തിലെ വിള്ളൽ ഉടൻ പരിഹരിക്കും

ഇടുക്കി : രാമക്കൽമെട്ടിലെ കുറവൻ− കുറത്തി ശിൽപ്പത്തിന്റെ അടിത്തറയിൽ കണ്ടെത്തിയ വിള്ളൽ ഉടൻതന്നെ പരിഹരിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി ജയൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡി.ടി.പി.സി. അധികൃതരുടെ നേതൃത്വത്തിൽ പ്രതിമയുടെ ശിൽപ്പി സി.ബി.ജിനൻ വിള്ളൽ ഉണ്ടായ ഭാഗം പരിശോധിച്ചു. കണ്ടെത്തിയ വിള്ളൽ പരിഹരിക്കുന്നതിന് ഒരാഴ്ചക്കകം നടപടിയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ കണ്ടെത്തിയിരിക്കുന്ന വിള്ളൽ ശിൽപ്പത്തിന് ഒരുതരത്തിലും ദോഷം ഉണ്ടാക്കുന്നതല്ല എന്ന് പരിശോധനകൾക്ക് ശേഷം ശിൽപ്പി പറഞ്ഞു.
മണ്ണിനടിയിലേക്ക് 10 അടി താഴ്ചയിലാണ് ശിൽപ്പത്തിന്റെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ശിൽപ്പത്തിന്റെ കഴുത്ത് വരെയുള്ള ഭാഗം വരെ കോൺക്രീറ്റ് പില്ലറുകൾ ഉള്ളതിനാൽ ശിൽപ്പം സുരക്ഷിതമാണ്. വർഷാവർഷം പ്രതിമയുടെ അറ്റകുറ്റപ്പണികൾ നടത്താഞ്ഞതിനാലാണ് ഇപ്പോൾ ഇങ്ങനെയൊരു വിള്ളൽ രൂപപ്പെട്ടതെന്നും ജിനൻ പറഞ്ഞു.
രണ്ട് മാസങ്ങൾക്ക് മുന്പാണ് രാമക്കൽമെട്ടിലെ കുറവൻ−കുറത്തി ശിൽപ്പത്തിന്റെ അടിത്തറയിൽ വിള്ളൽ കണ്ടെത്തിയത്. വിള്ളൽ കണ്ടെത്തിയ ഭാഗത്തെ തകരാർ അടിയന്തരമായി പരിഹരിക്കുമെന്നും ഡി.ടി.പി.സി. ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ൺന്നാൽ ശിൽപ്പിയുടെ അസൗകര്യം മൂലമാണ് അറ്റകുറ്റപ്പണി വൈകിയതെന്നും അധികൃതർ പറഞ്ഞു. മാർച്ച് അവസാനം ടൂറിസം സീസൺ ആരംഭിക്കുന്നതോടെ പതിവുപോലെ ലക്ഷക്കണക്കിനാളുകൾ രാമക്കൽമെട്ടിലെ കുറവൻ−കുറത്തി ശിൽപ്പം കാണാനായെത്തുമെന്നാണ് ഡി.ടി.പി.സിയുടെ പ്രതീക്ഷ. അതിന് മുന്‍പായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് നീക്കം.