ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ല : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട് പോകുമെന്നും, പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്. എന്നാൽ സാന്പത്തികമാണ് പദ്ധതി തുടങ്ങുന്നതിന് തടസമാകുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
ഇ. ശ്രീധരനെ അനാദരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്റെ കത്ത് കിട്ടിയിരുന്നു. തിരക്കുണ്ടായിരുന്നതിനാലാണ് കാണാൻ കഴിയാതിരുന്നത്. ഇ. ശ്രീധരൻ ഉദ്ദേശിക്കുന്ന അതേ വേഗത്തിൽ സർക്കാരിന് നീങ്ങാൻ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിർമാണം തുടങ്ങിയാൽ മതിയെന്നാണ് സർക്കാരിന്റെ നിലപാടെന്നും പിണറായി പറഞ്ഞു.
അതേസമയം, ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്‌നങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശയപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. കെ. മുരളീധരൻ നൽകിയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇ. ശ്രീധരനെ സർക്കാർ അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

