ചരക്കു­കപ്പലിൽ‍ തീ­പ്പി­ടി­ത്തം­; നാ­വി­കൻ മരി­ച്ചു­


കൊച്ചി: ലക്ഷദ്വീപിലെ അഗത്തിക്കു സമീപം കടലിൽ ചരക്കുകപ്പലിനു തീപിടിച്ച് തായ്‌ലൻഡ് സ്വദേശിയായ നാവികൻ മരിച്ചു. കാണാതായ നാല് പേരിൽ ഒരാൾ ഇന്ത്യക്കാരനായ പാചകക്കാരൻ സാക്കിം ഹെഗ്ഡെയാണെന്ന് സ്ഥിരീകരിച്ചു. സിംഗപ്പൂരിൽ നിന്ന് സൂയസിലേക്ക് പോവുകയായിരുന്ന ഹനോം എന്ന ചരക്കു കപ്പലിലാണ് ചൊവ്വാഴ്ച രാത്രി തീപി‍‍ടിത്തമുണ്ടായത്. കടലിലേക്ക് എടുത്തുചാടിയ 27 ജീവനക്കാരിൽ 23 പേരെ രക്ഷ‌ിച്ചു. ഇതിലൊരാളാണ് ഗുരുതര പൊള്ളൽ മൂലം മരണമടഞ്ഞതെന്ന് ഡയറക്ടർ ജനറൽ (ഡി.ജി) ഒാഫ് ഷിപ്പിംഗ് അറിയിച്ചു. 

രക്ഷപ്പെട്ടവരിൽ തിരുവനന്തപുരം സ്വദേശി ദീപു ജയനും ഉൾപ്പെടുന്നു. ദീപുവടക്കം മൂന്ന് പേരെ കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ വിഴിഞ്ഞത്തെത്തിച്ച് മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടത്തിലുള്ള തായ്‌ലൻഡ് സ്വദേശി വിഷവാതകം ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. മറ്റ് 19 പേരെ ഇന്നലെ രാത്രിയോടെ കൊച്ചി തുറമുഖത്തു ചരക്കുകപ്പലിൽ എത്തിച്ചു. കപ്പലിൽ ക്യാപ്റ്റൻ ഉൾപ്പെടെ 13 പേർ ഇന്ത്യക്കാരാണ്. ഫിലിപ്പീൻസ്, ഇംഗ്ലണ്ട്, റുമാനിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ളവർ. 

ജർമൻ കന്പനിയുടെ ഉടമസ്ഥതയിലുള്ള സിംഗപ്പൂർ റജിേസ്റ്റർഡ് കപ്പലാണ് ഹനോം. രാസവസ്തുക്കളും മറ്റും നിറച്ച 7860 കണ്ടെയ്നറുകളുമായി മാർച്ച് ഒന്നിനാണ് സിംഗപ്പൂർ തീരം വിട്ടത്. അഗത്തിയിൽനിന്ന് 340 നോട്ടിക്കൽ മൈൽ അകലെ വച്ചാണു തീപിടിത്തമുണ്ടായത്. കപ്പലിലെ പ്രധാന ഡക്കിൽ പൊട്ടിത്തെറിയുണ്ടായ ശേഷം തീ പടർന്നുവെന്നാണു വിവരം. എല്ലാ ചരക്കുകപ്പലുകൾക്കും വിവരം കൈമാറിയതിനെത്തുടർന്നു ലക്ഷദ്വീപിനു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡ് കപ്പൽ ശൂർ ഉടൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ ഡി 228 ഡോണിയർ വിമാനവും തിരച്ചിലിനിറങ്ങി. എം.ആർ.സിസിയുടെ നിർദ്ദേശപ്രകാരമെത്തിയ  എം.വി അൽസ് സിസറോ എന്ന ചരക്കുകപ്പലാണ് ആദ്യം സിംഗപ്പൂർ കപ്പലിനു സമീപമെത്തിയത്. 

ഈ സമയം പ്രധാന ഡക്കിൽ നിന്ന് ഏതാണ്ട് 25 മീറ്റർ ഉയരത്തിൽ തീ ഉയരുന്നുണ്ടായിരുന്നു. കപ്പലിലെ 23 ജീവനക്കാരെ അൽസ് സിസറോ’യാണു രക്ഷപ്പെടുത്തിയത്. നാലു പേർക്ക് വേണ്ടിയുള്ള തിരച്ചിലിൽ നാവികസേനയുടെ ബോയിംഗ് പിഎട്ട് ഐ വിമാനവും പങ്കെടുക്കുന്നുണ്ട്. കപ്പലിലുണ്ടായിരുന്ന മുഴുവൻ കണ്ടെയ്നറുകളും കത്തി നശിച്ചതായി അറിയുന്നു. രാസവസ്തുക്കളും മറ്റുമാണുണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed