ലൈറ്റ് മെട്രോ : സർക്കാറിനെതിരെ ആഞ്ഞടിച്ച് ഇ. ശ്രീധരൻ
കൊച്ചി : ലൈറ്റ് മെട്രോ പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെ കുറ്റപ്പെടുത്തി ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ രംഗത്ത്. പദ്ധതിയിൽ നിന്ന് ഖേദത്തോടെയാണ് പിന്‍മാറുന്നതെന്ന് ശ്രീധരൻ പറഞ്ഞു. ഡി.എം.ആർ.സിയെ വേണ്ടെന്നാണ് ഈ സർക്കാരിന്റെ നിലപാടെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. കൊച്ചിയിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി നടത്തിപ്പിനായി പലതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് മുന്പ് അവസാനമായി മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചെങ്കിലും ലഭിച്ചില്ല. ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകൾ തുറന്നു. മാസം 16 ലക്ഷം രൂപ ചെലവിട്ട് നാല് വർഷമായി ഓഫീസുകൾ നടത്തിക്കൊണ്ടു പോവുകയാണ്. ഇനി അത് തുടരാനാവില്ല. ഡി.എം.ആർ.സിക്ക് അതിനുള്ള സാന്പത്തിക ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോ സർവീസിലൂടെ ലാഭം ഉണ്ടാക്കാനാകില്ല. ഒരു മെട്രോയും ലാഭം ഉണ്ടാക്കിയിട്ടില്ല. ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് മെട്രോയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

