കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്ന് 22.41 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്നായി 22.41 ലക്ഷം രൂപയുടെ 724 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. കർണാടക കർവാർ സ്വദേശി ബാഷ അദ്‌കർ ഉമ്മർ സാബ് കാദർ (43) കൊണ്ടുവന്ന ബിസ്കറ്റിന്റെയും പൗഡറിന്റെയും ടിന്നുകളിൽ ഷീറ്റ് രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. 14.17 ലക്ഷം രൂപയുടെ 458 ഗ്രാം സ്വർണം കണ്ടെടുത്തു. കണ്ണൂർ സ്വദേശി കെ.എം അബ്ദുൽ ലത്തീഫ് (44) ഒളിപ്പിച്ച 8.23 ലക്ഷം രൂപയുടെ 266 ഗ്രാമിന്റെ രണ്ടു സ്വർണ മാലകളും കണ്ടെടുത്തു.
ഇരുവരും ഇന്നലെ രാവിലെ ഒൻപതരയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്നാണ് എത്തിയത്. കർണാടക സ്വദേശി കരിപ്പൂരിൽ സ്വർണവുമായി ഇറങ്ങാനുള്ള കാരണവും അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.അസിസ്റ്റന്റ് കമ്മിഷണർമാരായ ഇ.എസ്.നിതിൻലാൽ, ഡി.എൻ.പാന്ഥ്, സൂപ്രണ്ടുമാരായ ഡൊൽട്ടൻ ഫോർട്ട്, ഇ.രമ, പി.ജി.വിനയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണു സ്വർണം കണ്ടെടുത്തത്.

