വനിതാ ദിനത്തിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സ്ത്രീയെ ഓർത്തെടുത്ത് മോദി
ന്യൂഡൽഹി : ലോക വനിതാ ദിനത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സ്ത്രീയെ ഓർത്തെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ആകെയുള്ള സന്പാദ്യം വിറ്റ് സ്വഛ് ഭാരത് മിഷന്റെ ഭാഗമായി മാറിയ 106 വയസുള്ള വയോധികയെ കുറിച്ചുള്ള ഓർമകളാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ഛത്തീസ്ഗഡ് സ്വദേശിയായ കുൺവാർ ഭായി എന്ന വയോദികയാണ് മോദിയുടെ ഓർമയിൽ തങ്ങി നിൽക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് മിഷൻ പദ്ധതിയുടെ കീഴിൽ തന്റെ ഗ്രാമത്തിൽ കക്കൂസ് നിർമിക്കാൻ മുൻകൈയെടുത്തയാളാണ് ഈ വയോധിക.
തന്റെ ഉപജീവനമാർഗമായ ആടുകളെ വിറ്റ് കിട്ടിയ 22,000 രൂപ ഉപയോഗിച്ച് 15 ദിവസം കൊണ്ടാണ് കുൺവാർ ബായി കക്കൂസ് നിർമിച്ചത്. ഈ ഗ്രാമത്തിലെ ആദ്യ പൊതു ശൗചാലയവും ഇതായിരുന്നെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ആ സ്ത്രീ സ്വച്ഛ് ഭാരത് മിഷൻ നൽകിയ ഈ മഹത്തായ സംഭവന തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഒരിക്കൽ താൻ ഛത്തീസ്ഗഡ് സന്ദർശിച്ചപ്പോൾ അവരെ നേരിട്ട് കണ്ട് അനുഗ്രഹം നേടിയിരുന്നെന്നും മോദിയുടെ ട്വിറ്ററിൽ പറയുന്നു. ഈ വർഷത്തിന്റെ തുടക്കത്തിലാണ് കുൺവാർ ഭായി മരണപ്പെട്ടത്. എന്നാൽ ഗാന്ധിയുടെ സ്വപ്നമായ ശുചിത്വ ഭാരതം എന്ന ആശയം മനസിലുള്ള എല്ലാവരുടെയും മനസിൽ അവർ ജീവിക്കുമെന്നും മോദി അനുസ്മരിച്ചു.

