സ്ത്രീ-പുരുഷ സമത്വമല്ല വേണ്ടത് സർവ്വലിംഗ സമത്വം : കൽക്കി സുബ്രഹ്മണ്യം
കൊച്ചി : സ്ത്രീപുരുഷ സമത്വമല്ല സർവലിംഗ സമത്വമാണ് വേണ്ടെതെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രശസ്ത ട്രാൻസ്ജെൻഡർ എഴുത്താൾ കൽക്കി സുബ്രഹ്മണ്യം. കൃതി സാഹിത്യ−വിജ്ഞാനോത്സവത്തിൽ സംസാരിക്കുകയായിരുന്നു അവർ. ട്രാൻസ്ജെൻഡർമാരോടുള്ള നീതിയിൽ കേരളം തമിഴ്നാടിന്റെ ബഹുദൂരം പിന്നിലാണെന്നും പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ ദീർഘവീക്ഷണത്തോടെയുള്ള പരിശ്രമങ്ങളാണ് തമിഴ്നാടിനെ ഇക്കാര്യത്തിൽ തുണച്ചതെന്നും അവർ അഭിപ്രായപ്പെട്ടു.
2008 ൽ ആദ്യമായി കേരളത്തിൽ വരുന്പോൾ ദയനീയമായിരുന്നു ഇവിടുത്തെ സ്ഥിതി. ശീതൾ ശ്യാമിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളാൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പോലീസിന്റെ ആക്രമണം തുടരുന്നുണ്ട്. പാട്ടു പാടാനും കവിതഎഴുതാനും ഉയർന്ന ജോലികളെടുക്കാനുമൊക്കെ കഴിവുള്ളവർ ട്രാൻസ്ജൻഡേഴ്സിന്റെ കൂട്ടത്തിലുണ്ടെങ്കിലും ആർക്കും ഉയർന്നു വരാനാവുന്നില്ല. നമ്മുടെ പുരാണങ്ങളിലും പൗരാണിക വാസ്തുശിൽപങ്ങളിലും തങ്ങൾക്ക് അംഗീകാരം ലഭിച്ചിരുന്നു. ജന്തുലോകത്തിലുമുണ്ട് ദ്വിലിംഗ ജീവികൾ. ചില മണ്ണിരകൾ ദ്വിലിംഗ ജീവികളാണ്. അവർക്കുള്ളത്ര പോലും നീതിബോധം ഇല്ലാത്തവരാണ് ഇന്ത്യക്കാർ. മിമിക്രിയിലും സിനിമയിലുമെല്ലാം ട്രാൻസ്ജെൻഡേഴ്സിനെ പരിഹസിക്കാൻ ഇപ്പോഴും മലയാളികൾ മിടുക്കു കാട്ടുന്നുണ്ട്. ഇതാണ് പൊതുജീവിതത്തിലും പ്രതിഫലിക്കുന്നതെന്നും അവർ പറഞ്ഞു.
സ്ത്രൈണതയുള്ള ആൺകുട്ടികളെ ചെറുപ്പം മുതലേ മോശമായി പരിഗണിക്കുന്നു. സ്കുളുകളിൽ ഇവർ പരിഹാസപാത്രമാകുന്നു. അച്ഛനമ്മമാരാൽപ്പോലും തിരസ്കരിക്കപ്പെടുന്ന തങ്ങൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനും ജോലി ചെയ്യാനും എങ്ങനെ സാധിക്കും. നിലനിൽക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങളാണ് അവരെ ഭിക്ഷാടനത്തിലേയ്ക്കും ലൈംഗികതൊഴിലിലേയ്ക്കും തള്ളിവിടുന്നതെന്നും കൽക്കി വ്യക്തമാക്കി.

