നി­യന്ത്രണങ്ങൾ കടലാ­സി­ൽ‍ : ഭൂ­മി­ തു­രന്ന് കു­ഴൽ­ക്കി­ണർ മാ­ഫി­യ


കാസർഗോഡ് : നിയന്ത്രണങ്ങൾ വകവെയ്ക്കാതെ വെള്ളമൂറ്റാൻ പാതാളംവരെ തുരന്ന് കുഴൽ‍ക്കിണർ മാഫിയ. വേനൽ കനത്തതോടെ രാപകൽ‍ വ്യത്യാസമില്ലാതെ മലയോരത്തിന്റെ മുക്കിലും മൂലയിലും അനധികൃതമായി കുഴൽക്കിണർ തീർക്കുന്ന തിരക്കിലാണ് കുഴൽക്കിണർ മാഫിയ. നിർമ്മാണാനുമതിയായി ഇവരുടെ കൈവശമുള്ളതാകട്ടെ ഭൂജല വകുപ്പധികൃതർ നൽകുന്ന ഫീസിബിലിറ്റി റിപ്പോർട്ട് മാത്രം. അനധികൃത നിർമ്മാണം നാട്ടുകാർ ചോദ്യം ചെയ്താൽ‍ ഒന്നുകിൽ പണി നിർത്തിയിട്ട് പോകും. അല്ലെങ്കിൽ പ്രാദേശിക ഏജന്റുമാർ‍ സ്ഥലത്തെത്തി സമ്മർദ്ദംചെലുത്തി നാട്ടുകാരുടെ വായടക്കും. അതും ഫലിച്ചില്ലെങ്കിൽ പിന്നീട് ഭീഷണിയുടെ സ്വരമായിരിക്കും. ഇതോടെ പലരും പരാതി നൽ‍കുന്നതിൽ നിന്നുപോലും പിന്‍മാറുകയാണ്. 

അനധികൃത നിർമ്മാണത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചാൽ‍ തിരിഞ്ഞുനോക്കാറില്ലെന്ന ആക്ഷേപവും ശക്തം. രാജപുരം മേഖലയിൽ മാത്രം ഒരാഴ്ചയ്ക്കിടെ 25 കുഴൽക്കിണറുകളാണ് കുഴിച്ചിരിക്കുന്നത്. കള്ളാർ‍, പനത്തടി, കോടോം−ബേളൂർ‍, ബളാൽ തുടങ്ങി മിക്ക മലയോര പഞ്ചായത്തുകളിലും കുഴൽക്കിണർ‍ ഏജന്റുമാർ ശക്തമാണ്. പ്രാദേശിക രാഷ്ട്രീയ−ഭരണ നേതൃത്വങ്ങളുടെ പിന്‍തുണ ഉറപ്പാക്കിയാണ് പല സ്ഥലങ്ങളിലും അനധികൃത കുഴൽക്കിണർ‍ നിർമ്മാണം നടത്തുന്നത്. ഈ വർഷംമാത്രം നാല് പഞ്ചായത്തുകളിലായി ആയിരത്തോളം കുഴൽക്കിണറുകളാണ് നിർമ്‍മിച്ചത്. ചിലർ വരൾച്ച മുൻ‍കൂട്ടിക്കണ്ട് അഞ്ച് കുഴൽക്കിണർ ‍വരെ കുഴിപ്പിച്ചിട്ടുണ്ട്. നിരോധനം ഏർപ്പെടുത്തുമെന്ന് തെറ്റായ പ്രചാരണം നടത്തിയാണ് കുഴൽ‍ക്കിണർ‍ മാഫിയ വൻ‍തോതിൽ നിർമ്മാണം നടത്തുന്നത്. 

മറുനാടൻ ജോലിക്കാരെയും യൂണിറ്റുമെത്തിച്ചാണ് കുഴൽ‍ക്കിണർ‍ നിർമ്മാണ പ്രവർത്തനം. ഇത്തരത്തിൽ അന്‍പതിലധികം യൂണിറ്റുകൾ ജില്ലയിലുള്ളതായാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും കുഴൽക്കിണർ കുഴിക്കാൻ അനുമതിയില്ലാത്തവയുമാണെന്ന് ഈ രംഗത്ത് പ്രവർ‍ത്തിക്കുന്നവർ‍തന്നെ പറയുന്നു. ഇത്തരത്തിലുള്ള യൂണിറ്റുകൾ ഒരുതരത്തിലുള്ള മാനദണ്ധവും പാലിക്കാതെയാണ് നിർമ്‍മാണ ജോലികൾചെയ്യുന്നത്.

 ഗാർഹികാവശ്യത്തിന് നിർമ്മിക്കുന്ന കുഴൽക്കിണറുകൾക്ക് വ്യാസം നാലര ഇഞ്ചിലും ആഴം പരമാവധി 80 മീറ്ററിലും കൂടാന്‍പാടില്ലെന്ന് സർ‍ക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, ഇതൊക്കെ കാറ്റിൽപ്പറത്തി ഇതിന്റെ രണ്ടിരട്ടിയിലധികം താഴ്ത്തിയാണ് പലപ്പോഴും കുഴൽക്കിണർ നിർമ്മാണം.

അനധികൃത കുഴൽക്കിണർ നിർമ്മാണത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ പാടില്ലെന്ന സർക്കാർ ഉത്തരവും ഫലം കണ്ടിട്ടില്ല. കിണർ നിർമ്മിച്ചശേഷം വീട്ടാവശ്യത്തിന് അനുവദിച്ചിരിക്കുന്ന വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് മോട്ടോർ െവയ്ക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്ത് അനുമതിയോടെ ഭൂജല വകുപ്പ് പരിശോധന നടത്തി മാത്രമെ കുഴൽക്കിണറിന് അനുമതി നൽകാവൂ എന്നിരിക്കെ പുഴയോരത്തുപോലും കിണർ കുഴിക്കുന്നതിനുപിന്നിൽ ഉദ്യോഗസ്ഥ−-കുഴൽക്കിണർ നിർമ്മാണ ലോബി പ്രവർത്തിക്കുന്നതിന്റെ തെളിവാണെന്ന് നാട്ടുകാർ‍ ചൂണ്ടിക്കാട്ടുന്നു. 

വേനൽ കനക്കുന്നതോടെ മലയോരത്തെ മിക്ക മേഖലകളിലും കുടിവെള്ള ക്ഷാമം തുടങ്ങും. ഇവിടങ്ങളിൽ പഞ്ചായത്തധികൃതർ പൊതു കുടിവെള്ള സൗകര്യമൊരുക്കിയാൽ കുഴൽക്കിണർ കുഴിക്കുന്നത് തടയാനാകും. അനധികൃതമായി കുഴൽ‍ക്കിണർ കുഴിക്കുന്നവർക്കെതിരേ കർശന നടപടികളും എടുക്കണം. നിലവിൽ‍ സാധ്യത നോക്കാൻ മാത്രമാണ് ഭൂജല വകുപ്പിന് അനുമതിയുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed