കുടിവെള്ള വിതരണ കേന്ദ്രങ്ങളിൽ അടിയന്തര പരിശോധന
ഏലൂർ : ഏലൂർ നഗരസഭ പ്രദേശത്തുള്ള കുടിവെള്ള വിതരണ പ്ലാന്റുകളിൽ ജില്ലാ ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷാ വിഭാഗം, റവന്യു വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര പരിശോധന നടത്തി. ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയുടെ നിർദ്‍ദേശപ്രകാരമാണ് പരിശോധന നടന്നത്. വെള്ളം എടുക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്നും ഇടമുളയിലും സമീപത്തുള്ള രണ്ട് വെള്ളമൂറ്റൽ കേന്ദ്രങ്ങളിലാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ പരിശോധനയ്ക്ക് അധികൃതരെത്തിയത്. ജില്ലാ ഹെൽത്ത് ഓഫീസർ ശ്രീനിവാസ്, ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ഷിബു, മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ ശ്രീലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏലൂർ നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ നിലവിലുള്ള സാഹചര്യത്തിലാണ് ഇപ്പോഴും വെള്ളമെടുക്കുന്നതെന്നും നാട്ടുകാർക്കിടയിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇവിടെ നിന്ന് വിതരണത്തിന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ സാന്പിൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ ആരോഗ്യവിഭാഗം ശേഖരിച്ച വെള്ളം വാട്ടർ അതോറിറ്റിയുടെ നെട്ടൂരുള്ള ജല പരിശോധനാ കേന്ദ്രത്തിലാകും പരിശോധിക്കുകയെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ശ്രീനിവാസ് പറഞ്ഞു. പ്രാഥമിക പരിശോധനയിൽ ഇവിടെ ട്രീറ്റ്‌മെന്റ് പ്ലാന്റും ഫിൽറ്ററുകളുമെല്ലാം ഉണ്ട്. ഇത് വേണ്ട രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
അന്തിമ റിപ്പോർട്ട് വെള്ളത്തിന്റെ പരിശോധനാ ഫലം വന്നതിനു ശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും പ്രാഥമിക പരിശോധനാ റിപ്പോർട്ട് ഉടൻതന്നെ കളക്ടർക്ക് കൈമാറുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ ശ്രീലക്ഷ്മി പറഞ്ഞു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ എടമുളയിലെ വെള്ളമൂറ്റൽ കേന്ദ്രത്തിന് തഹസിൽദാർ താൽക്കാലിക സ്റ്റോപ്പ് മെമ്മോ നൽകി.

