ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കൽ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കി; പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടി
ഷീബ വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് നവീകരണത്തിനായി 1.23 കോടി രൂപ വകയിരുത്തി ഇറക്കിയ നിർമാണ ഉത്തരവ് റദ്ദാക്കി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള കർശന നിർദേശപ്രകാരമാണ് ഈ നടപടി.
ഒക്ടോബർ 30-നാണ് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായുള്ള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെയാണ് ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്നും, സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി പൊതുമരാമത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അധികാരത്തിൽ എത്തിയപ്പോൾ തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലുകളോ നിർമാണപ്രവർത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. 2022-ൽ നടത്തിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പിന്റെ വിശദീകരണം. മുൻ സർക്കാരിന്റെ കാലത്തെ എസ്റ്റിമേറ്റ് അനുസരിച്ച് പണികളൊന്നും നടത്തേണ്ടതില്ലെന്നും അത്യാവശ്യ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നുമുള്ള നിലപാട് മറികടന്ന് ഉത്തരവിറങ്ങിയതിലാണ് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടിയിരിക്കുന്നത്.
dsdsasads

