നി­ളയെ­ സംരക്ഷി­ക്കാൻ ഒറ്റപ്പാ­ലം നഗരസഭ


ഒറ്റപ്പാലം : നീർച്ചാലായി ഒഴുകുന്ന നിളയെ സംരക്ഷിക്കാൻ പദ്ധതിയുമായി ഒറ്റപ്പാലംനഗരസഭ. നിളയെ തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള  പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ഇന്നലെ നഗരസഭയിൽ നടന്ന കൂടിയാലോചനായോഗത്തിലാണ് സംരക്ഷണപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ തീരുമാനമായത്. പുഴയിലെ കാടുംമറ്റും വെട്ടി ചപ്പുചവർ നീക്കി വൃത്തിയാക്കുകയെന്ന ആദ്യഘട്ടത്തോടെയാണ് സംരക്ഷണപദ്ധതികൾ തുടങ്ങുന്നത്. 

കഴിഞ്ഞ വാർഷികപദ്ധതിയുടെ ഫണ്ടുപയോഗിച്ചാണ് സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിവെക്കുക. മായന്നൂർപ്പാലത്തിന് സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്ക് നഗരസഭയുടെ പരിധിയിലുള്ള ഒന്നരക്കിലോമീറ്റർ പുഴയാണ് ആദ്യം വൃത്തിയാക്കുക. 400 മീറ്റർ വീതിയിലാണ് വൃത്തിയാക്കൽ. ഇതിനായി 70 തൊഴിലാളികളെ നിയോഗിക്കും. ഒപ്പം കോളേജ്−, സ്കൂൾ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹായം തേടിയിട്ടുണ്ട്. അഞ്ചുദിവസംകൊണ്ട് ഒന്നരക്കിലോമീറ്റർ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാർച്ച് ആദ്യവാരം പ്രവർത്തനമാരംഭിക്കും. 2017−2018 നഗരസഭാ വാർഷികപദ്ധതിയിൽ വകയിരുത്തിയ അഞ്ചുലക്ഷംരൂപ കൊണ്ടാണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം നടക്കുക. യോഗത്തിൽ നഗരസഭാദ്ധ്യക്ഷൻ എൻ.എം നാരായണൻ നന്പൂതിരി അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സ്കൂളുകളുടെ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 

വേനൽ ആരംഭിച്ചതോടെ നിള പതിവുപോലെ നീർച്ചാലായി മാറി. തടയണകളുള്ള ഭാഗത്ത് മാത്രമാണ് വെള്ളമുള്ളത്. ബാക്കിയെല്ലായിടത്തും കാടുപിടിച്ചുകിടക്കുന്ന അവസ്ഥയാണ്. പലേടങ്ങളിലും തീപിടിച്ച് കത്തിക്കരിഞ്ഞു. പുഴയുടെ വശങ്ങൾ ഇടിഞ്ഞ് മണ്ണൊലിപ്പ് കൂടി. കയ്യേറ്റവും വർദ്ധിച്ചതായാണ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചൂട് കൂടുന്നതോടെ ഒഴുക്കും നിലയ്ക്കുമെന്ന അവസ്ഥയിലാണിപ്പോൾ ഭാരതപ്പുഴ. 2 ഘട്ടങ്ങളിലായി ഒറ്റപ്പാലം നഗരസഭാപരിധിയിലുള്ള ആറുകിലോമീറ്റർ വൃത്തിയാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. അതിനായി വരുന്നവാർഷികപദ്ധതിയിൽ ഫണ്ട് വകയിരുത്തുമെന്ന് നഗരസഭാദ്ധ്യക്ഷൻ എൻ.എം നാരായണൻ നന്പൂതിരി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed