പ്രതിമകൾ തകർക്കൽ; നടപടി എടുക്കുമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിമകൾ തകർക്കപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെയും തമിഴ്നാട്ടിലെയും സംഭവങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം സംഭവങ്ങളിൽ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടതായും ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച് ചവൃത്തങ്ങൾ അറിയിച്ചു.
ത്രിപുരയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലെനിന്റെ പ്രതിമകൾ തകർക്കപ്പെട്ടിരുന്നു. തുടർന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരിൽ ഇ.വി രാമസ്വാമി(പെരിയാർ)യുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി.
അതിനിടെ കൊൽക്കത്തയിൽ ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി. ജാധവ്പുർ സർവ്വകലാശാല പരിസരത്ത് സ്ഥാപിക്കപ്പെട്ട മുഖർജിയുടെ അർദ്ധകായ പ്രതിമയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കുകയും കണ്ണും മൂക്കും തകർത്ത നിലയിലുമാണ്. സംഭവുമായി ബന്ധപ്പെട്ട സർവ്വകലാശാലയിലെ ആറ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ പെൺകുട്ടിയാണ്.

