വാഗമൺ സംരക്ഷിക്കേണ്ടത് പ്രദേശവാസികളുടെ ആവശ്യം : ജോയിസ് ജോർജ് എം.പി
ഇടുക്കി : മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും അവരുടെ റിപ്പോർട്ടുകളിൽ നിന്നൊഴിവാക്കിയ പ്രദേശമായ വാഗമൺ സംരക്ഷിക്കേണ്ടത് പ്രദേശവാസികളുടെ ആവശ്യമാണെന്ന് ജോയിസ് ജോർജ് എം.പി. വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
തുടർച്ചയായി 14 വർഷത്തെ പ്രവർത്തനപരിചയമുള്ള ഫ്ളൈ വാഗമണ്ണാണ് പാരാഗ്ലൈഡിംഗിന് നേതൃത്വം നൽകുന്നത്. രണ്ടായിരത്തോളം ആളുകൾ പാരാഗ്ലൈഡിംഗിനായി പേർ രജിസ്റ്റർ ചെയ്തിരുന്നു. 3500 രൂപയാണ് പറക്കുന്നന്നതിനുള്ള ഫീസ്. പൈലറ്റുമാർക്കൊപ്പം കൂടെ പറക്കുന്നവർക്കും ഇത്തവണ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബർമ ബ്രിഡ്ജ് അടക്കം പതിനാല് സാഹസിക ഇനങ്ങളാണ് വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിഗ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
സ്കൈ സൈക്കിൾ, വാലിക്രോസിംഗ്, കമാൻഡോ നെറ്റ്, ട്രംബോലിൻ, ബഞ്ചി ട്രംബോലിൻ, പെയിന്റ് ബോൾ, ആർച്ചറി, ബോട്ടിൽ ഷൂട്ടിംഗ്, ലാൻഡ് സോർബിംഗ്, വാട്ടർ സോർബ്, പെഡൽ ബോട്ട്, കിഡ്സ് സോണ എന്നീ ഇനങ്ങളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. വാഗമൺ പൈൻ വാലിയിൽ നിന്ന് ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ ആത്മഹത്യാ മുനന്പിനടുത്തുള്ള ഉത്സവ സ്ഥലത്തെത്താം. രാവിലെ ഒന്പതര മുതൽ അഞ്ച് മണി വരെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 20 രൂപയാണ് പ്രവേശന ഫീസ്.
ഫെബ്രുവരി 18 വരെയാണ് വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിഗ് ഫെസ്റ്റ്. ഇ.എസ് ബിജിമോൾ എം.എൽ.എ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജയൻ.പി വിജയനും ലളിത് കുമാറും പങ്കെടുത്തു.

