ചരിത്രം സൃഷ്ടിക്കാൻ 1111 വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം
കാസർഗോഡ് : ചരിത്രം സൃഷ്ടിക്കാൻ 1111 വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം. കാഞ്ഞങ്ങാട്-വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ.സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. മലയാള സാഹിത്യത്തിന് വെള്ളിക്കോത്ത് സംഭാവന നൽകിയ മഹാകവി പി. കുഞ്ഞിരാമൻ നായർ, വിദ്വാൻ പി. കേളു നായർ എന്നിവരുടെ കൃതികളാണ് റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾ ആലപിക്കുന്നത്. പി.യുടെ അമ്മയെന്ന കവിതയും, കേളുനായരുടെ സ്മരിപ്പിന്‍ ഭാരതീയരെ എന്ന ദേശഭക്തി ഗീതവുമാണ് 1000 ലധികം കുട്ടികളിൽ നിന്നും ഒരേ സമയം ഉയരുക.
പ്രശസ്ത സംഗീതജ്ഞനും സ്‌കൂളിലെ സംഗീതാധ്യാപകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ജനകീയ സംഗീത പ്രസ്ഥാനത്തിലെ അംഗങ്ങളാണ് ദേശ ഭക്തിഗാനം ആലപിച്ച് റെക്കോഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. ഫൗമിയ സലിം, ഐ.കെ അനുശ്രീ, ആവണി മോഹൻ, എം. രാംപ്രസാദ്, എസ്. പത്മപ്രിയ, അദ്വൈത് ധനഞ്ജയൻ എന്നീ വിദ്യാർത്ഥികളാണ് ദേശഗീതിക 2018ന് നേതൃത്വം നൽകുന്നത്.
ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ രാവിലെ 9.45നാണ് ദേശഭക്തിഗാനം ആലപിക്കുന്നത്. അതിന് മുന്നോടിയായി വിഷ്ണുഭട്ട് വന്ദനശ്ലോകം ചൊല്ലും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. പ്രകാശ്കുമാർ, സ്‌കൂൾ ലീഡർ അനുശ്രീക്ക് ഹാർമോണിയം കൈമാറിയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ചിത്രകലാ അദ്ധ്യാപകൻ അരവിന്ദാക്ഷന്റെ ചിത്രപ്രദർശനവുമുണ്ടാകും.

