പഞ്ചസാരച്ചാക്കിൽ മണൽ കടത്തിയ ലോറി പിടിയിൽ
നീലേശ്വരം : ഹൈവേ പോലീസ് നീലേശ്വരത്ത് പിടികൂടിയ കണ്ടെയ്‌നർ ലോറിയിൽ നിറയെ പഞ്ചസാര ചാക്കിൽ നിറച്ച മണൽ. കണ്ടാൽ പഞ്ചസാര ചാക്ക് എന്ന് തോന്നിക്കുന്ന രീതിയിലാണ് മണൽ നിറച്ച് ലോറിയിൽ സൂക്ഷിച്ചിരുന്നത്. 400 ചാക്ക് അടുക്കിവെച്ച് പഞ്ചസാര ചാക്ക് എന്ന വ്യാജേന കടത്തുകയായിരുന്നു.ദേശീയപാതയിൽ രാത്രി പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ട ലോറിയുടെ നന്പറിൽ സംശയം തോന്നിയതോടെ പിന്തുടർന്ന് ലോറി പിടികൂടുകയായിരുന്നു.
പഞ്ചസാരയാണെന്ന് ലോറി ഡ്രൈവർ അറിയിച്ചെങ്കിലും എസ്.ഐ.യും സംഘവും നടത്തിയ പരിശോധനയിലാണ് മണലാണെന്ന് തിരിച്ചറിഞ്ഞത്. മംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കായിരുന്നു മണൽ കടത്തിയിരുന്നത്. ലോറിയും മണലും നീലേശ്വരം പോലീസിന് കൈമാറി.നേരത്തേ പച്ചക്കറികൾക്കടിയിലും ജില്ലിപ്പൊടി വിതറിയും മണൽ കടത്തിയിരുന്ന ലോറികൾ വ്യാപകമായി പോലീസ് പിടികൂടിയതോടെയാണ് മണൽകടത്തിന് മാഫിയകൾ പുത്തന്‍ തന്ത്രങ്ങൾ ആസൂത്രണം ചെയ്തത്.

