രാഹുൽ ഗാന്ധിയുടെ കർണാടക പര്യടനം അടുത്ത മാസം 10 മുതൽ
ന്യൂഡൽഹി : കർണാടകയിൽ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് മോഡൽ പര്യടനം അടുത്തമാസം 10 മുതൽ. ഫെബ്രുവരി പത്ത് മുതൽ 12 വരെ അദ്ദേഹം കർണാടകത്തിലുണ്ടാവും. കോൺഗ്രസ് നേതാക്കളുമായും വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായും സന്ദർശനത്തിനിടെ അദ്ദേഹം ചർച്ച നടത്തുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജി പരമേശ്വർ പറഞ്ഞു.
ആദ്യവട്ടം മൂന്നുദിവസം പര്യടനം നടത്തുന്ന രാഹുൽ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികൾകൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ നടത്തിയ യോഗത്തിലാണു തീരുമാനമായത്. അതിനിടെ, സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടു.
കർണാടക സർക്കാരിന്റെ പ്രവർത്തനങ്ങളിൽ രാഹുൽ സന്തുഷ്ടനാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും സർക്കാർ പാലിച്ചുവെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. ഗൗരവമേറിയ പ്രശ്നങ്ങൾ ഒന്നും സംസ്ഥാനത്ത് ഇല്ലാത്തതിനാലാണ് നിസാര പ്രശ്നങ്ങളുയർത്തി ബി.ജെ.പി വിമർശം ഉന്നയിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തരത്തിലുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
സംസ്ഥാനത്തെ 56,000 ബൂത്തുകളിൽനിന്നു തിരഞ്ഞെടുത്ത സജീവപ്രവർത്തകർക്കു മണ്ധലതല പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. വീടുതോറും കയറിയുള്ള പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഒരുബസിൽ എല്ലാ നേതാക്കളും സംയുക്ത പ്രചാരണം നടത്താനും തീരുമാനമുണ്ട്.

