സിനിമാശാലകളിൽ സുരക്ഷാ മുൻകരുതലുകളില്ല : പരിശോധന തുടരുന്നു
നിലന്പൂർ : ഓപ്പറേഷൻ അഗ്നി സുരക്ഷയുടെ ഭാഗമായ പരിശോധന മൂന്നാം ദിവസം. പ്രാഥമികഅഗ്നി രക്ഷാമാർഗങ്ങൾക്കൊപ്പം പൊതുജനങ്ങൾ സമ്മേളിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകം നിഷ്കർഷിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ കൂടിയാണ് പരിശോധനാ വിധേയമാക്കിയത്. സിനിമാശാലകളാണ് ഇന്നലെ പരിശോധിച്ചത്. യാതൊരു സുരക്ഷാ മാനദണ്ധങ്ങളും പാലിച്ചില്ലെന്നാണ് കണ്ടെത്തൽ.
വർഷങ്ങൾക്ക് മുന്പ് വിപണിയിൽ നിന്ന് പിൻവലിച്ച സോഡാ ആസിഡ് എക്സ്റ്റിംഗുഷറുകളാണ് ചിലയിടങ്ങളിലെ ഏക അഗ്നിപ്രതിരോധ മാർഗമായി പ്രദർശിപ്പിച്ചിരുന്നത്. ഇവയാകട്ടെ തുരുന്പെടുത്ത നിലയിലുമായിരുന്നു. ഫയർ എക്ടിംഗ് ഗുഷറുകൾ രണ്ടാം നിലയിൽ ആർക്കും കൈയെത്താത്തിടത്ത് കൂട്ടിയിട്ടാണ് നഗരത്തിലെ പ്രധാന തിയറ്റർ പ്രവർത്തിക്കുന്നത്. ഫയർ ബക്കറ്റുകൾ എവിടെയും സ്ഥാപിച്ചിട്ടില്ല. അടിയന്തിര ഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള വഴികളും ഗോവണികളും നിർമ്മിക്കാതെയാണ് രണ്ട് നിലയിലുള്ള സ്ഥാപനം വർഷങ്ങളായി പ്രവർത്തിക്കുന്നത്.
അപകട സമയത്ത് ജനക്കൂട്ടത്തെ സിനിമാശാലയ്ക്ക് പുറത്തെത്തിക്കാൻ സീറ്റുകൾ തമ്മിലുള്ള അകലത്തിനും സീറ്റിംഗ് കപ്പാസിറ്റിക്കും അനുസരിച്ച് വാതിലുകളുടെ എണ്ണവും വിസ്താരവും ഉണ്ടാകണം, ഇരുട്ടിൽ തിരിച്ചറിയുന്ന രീതിയിൽ പുറത്തേക്കുള്ള വഴി സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. ഗുരുതരമായ വീഴ്ചയായി പരിശോധനകരുടെ ശ്രദ്ധയിൽ പെട്ടത് ഷോ തുടങ്ങിക്കഴിഞ്ഞാൽ എമർജസി എക്സിറ്റുകൾ ഉൾപ്പെടെ വാതിലുകൾ തുറക്കാത്ത രീതിയിൽ ഇരുന്പ് പട്ടകൾ സ്ഥാപിച്ച് പുറമെ നിന്ന് താഴിട്ട് പൂട്ടുന്നതാണ്. ഇരുന്പുപട്ടകൾ അടിയന്തരമായി മാറ്റാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയ്ക്ക് േസ്റ്റഷൻ ഓഫീസർ എം അബ്ദുൾഗഫൂർ, അസി. േസ്റ്റഷൻ ഓഫീസർ അബ്ദുൾ സലിം ജീവനക്കാരനായ ടി.കെ.നിഷാന്ത്, ടി.അലവിക്കുട്ടി, എൻ.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

