എക്സൈസ് കോംപ്ലക്സിൽ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു
കൊച്ചി : എറണാകുളം ഡിവിഷൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിന്റെയും എറണാകുളം റേഞ്ച് എക്സൈസ് ഓഫീസിന്റെയും പ്രവർത്തനം ആരംഭിച്ചു. യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ഉദ്ഘാടനം ചെയ്ത കച്ചേരിപ്പടിയിലെ എക്സൈസ് കോംപ്ലക്സിൽ ഒന്നര വർഷത്തിനുശേഷം ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങി. എറണാകുളം ഡിവിഷൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസും എറണാകുളം റേഞ്ച് എക്സൈസ് ഓഫീസുമാണ് ഇന്നലെ മുതൽ ഇവിടെ പ്രവർത്തനം ആരംഭിച്ചത്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം നിർവ്വഹിച്ചു. കോംപ്ലക്സ് വളപ്പിൽ അദ്ദേഹം മരവും നട്ടു.
ചുറ്റുമതിലിൽ ലഹരിക്കെതിരേ സന്ദേശം നൽകുന്ന ചിത്രരചന നടത്തിയ കൊച്ചിൻ കോളജിലെ 11 വിദ്യാർത്ഥികൾക്ക് സർട്ടിഫിറ്റും മൊമന്റോയും സമ്മാനിച്ചു. അഡീഷണൽ എക്സൈസ് കമ്മീഷണർ കെ. വിജയൻ, ജോയിന്റ് കമ്മീഷണർമാരായ പി.കെ. മനോഹരൻ, ഡി.സന്തോഷ്, മുഹമ്മദ് സിയാദ്, എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ കെ.എ. നെൽസണ്, അസിസ്റ്റന്റ് കമ്മീഷണർ ബെന്നി ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എക്സൈസ് സ്പെഷൽസ്ക്വാഡ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻഫോഴ്സ്മെന്റ് വിഭാഗം, ഇന്റലിജന്റ്സ് ബ്യൂറോ വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ സോണൽ ഓഫീസ്, ജില്ല ഇന്റലിജന്റ്സ് ബ്യൂറോ ഓഫീസ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ലോ ഓഫീസ് എന്നിവയാണു കെട്ടിടത്തിലേക്ക് മാറാനുള്ള മറ്റ് ഓഫീസുകൾ.
ഏഴുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് ഇപ്പോൾ ഓഫീസുകൾ തുറന്നിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ മറ്റ് ഓഫീസുകളും പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് കോംപ്ലക്സ് മാനേജർ ജയപ്രകാശ് പറഞ്ഞു. ഗ്രൗണ്ട് ഫ്ളോറിൽ ഡോക്ടറുടെ മുഴുവൻ സമയ സേവനം ഉൾപ്പെടെ ലഹരിവിമുക്ത കേന്ദ്രത്തിനുള്ള സ്ഥിരം സംവിധാനം ഒരുക്കും. ഗ്രൗണ്ട് ഫ്ളോറിനു താഴെ പാർക്കിംഗ് സ്ഥലവുമുണ്ട്.

