എ.​കെ­.​ജി­ പ​രാ​­​മ​ർ​­ശം : ഒറ്റപ്പെ­ട്ട് ബ​ൽ​­റാം


തിരുവനന്തപുരം : എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ ഒറ്റപ്പെട്ട് വി.ടി ബൽറാം എം.എൽ.എ. കോൺ‍ഗ്രസിലെ മുതിർന്ന നേതാക്കാൾ വിവാദ പരാമർശത്തിൽ ബൽറാമിനെതിരെ രംഗത്തെത്തി. അതേ സമയം ബൽ‍റാമിനെ പിന്തുണച്ച് കൊണ്ട് യൂത്ത് കോൺ‍ഗ്രസും കെ.എസ്.യുവും രംഗത്ത് വന്നു.

എ.കെ.ജിയെ അവഹേളിച്ച എം.എൽ.എയെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണതയാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ നാഷനൽ‍ കോൺ‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ‍ അധിക്ഷേപിച്ച എം.എൽ‍.എയ്ക്ക് കോൺ‍ഗ്രസിന്റെ ചരിത്രമോ എ.കെ.ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. ആ വകതിരിവില്ലായ്മയാണോ കോൺ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി നേതൃത്വമാണ്. എ.കെ.ജി ഈ നാടിന്റെ വികാരമാണ്. ജന ഹൃദയങ്ങളിൽ മരണമില്ലാത്ത പോരാളിയാണ്. പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ എം.എൽ.എ.യ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം കോൺഗ്രസിനില്ല എന്നതാണ് ആ പാർട്ടിയുടെ ദുരന്തമെന്നും പിണറായി ഫേസ്ബുക്കിൽ പറഞ്ഞു.

എ.കെ.ജിക്കെതിരായി ബൽറാം നടത്തിയ പരാമർശം തെറ്റായിപ്പോയെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ പറഞ്ഞു. ബൽറാം പറഞ്ഞത് കോൺ‍ഗ്രസ് നിലപാടല്ല. ബൽറാമിന്‍റെ പരാമർശം വ്യക്തിപരമാണെന്നും എന്നാൽ വ്യക്തിപരമായിപ്പോലും അങ്ങനെ പറയാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്നും ഹസൻ പറഞ്ഞു. ബൽറാമിന്‍റെ പരാമർശം പരിധികടന്നു പോയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞു. എ.കെ.ജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ.ജിക്കെതിരായ പരാമർശത്തിൽ ബൽറാം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന കോൺ‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബൽറാമിനെതിരെ രംഗത്തെത്തി. എ.കെ.ജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ദീർഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പരാമർശത്തിനോട് കോൺഗ്രസിന് യോജിപ്പില്ല. സാമൂഹ്യമാധ്യമങ്ങളിലും പൊതുജനങ്ങൾക്കിടയിലും അഭിപ്രായ പ്രകടനം നടത്തുന്പോൾ പാർട്ടി നേതാക്കളും പ്രവർത്തകരും തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനും ചെന്നിത്തില മറുപടി നൽകി. ബൽറാമിന്റെ പരാമർശത്തോട് കോൺഗ്രസിന് യോജിപ്പില്ലെങ്കിലും സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിറുത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശം എന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. 

അതേസമയം ബൽ‍റാമിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമാണെന്നും ബൽ‍റാം മാപ്പ് പറയണമെന്ന് പറയുന്നവർ‍ ആദ്യം കോടിയേരിയെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് യൂത്ത് കോൺ‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡീൻ കുര്യാക്കോസ് തുറന്നടിച്ചു. നെഹ്‌റു കുടുംബത്തെ അപമാനിച്ചതിൽ‍ സി.പി.ഐ.എം നിലപാട് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു. വി.ടി ബൽ‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വസ്തുനിഷ്ഠമായ വിലയിരുത്താൻ വിമർ‍ശകർ‍ തയ്യാറാകണമെന്നും ‘പച്ചതെറി’ പറഞ്ഞുകൊണ്ട് ബൽ‍റാമിന്റെ പോസ്റ്റിലെ മാന്യതയെപ്പറ്റി ചർ‍ച്ച ചെയ്യുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അഭിജിത് കെ.എം പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് എ.കെ.ജിക്കെതിരായി ബൽറാം മോശം പരാമർശം നടത്തിയത്. എ.കെ.ജി ബാല പീഡകനായിരുന്നെന്നാണ് ബൽറാം ഫേസ്ബുക്ക് കുറുപ്പിൽ ആരോപിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed