ഉണ്ണി മുകുന്ദനെതിരായ കേസ് : സൈബർ സെല്ലിന്റെ സഹായം തേടി അന്വേഷണ സംഘം
കൊച്ചി : നടൻ ഉണ്ണി മുകുന്ദ നെതിരായ കേസിൽ അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായം തേടി. തൃക്കൊടിത്താനം പോലീസാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരി പോലീസ് സംര ക്ഷണം ആവശ്യപ്പെട്ടു മജിസ്ട്രേട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കാൻ പോലീസ് തീരുമാനിച്ചത്.
കേസിലെ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തിയ ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങൾ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ടൗൺ എന്റർടെയിൻമെന്റ് എന്ന ഓൺലൈൻ പ്രസിദ്ധീകരത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. കൂടാതെ ഉണ്ണി മുകുന്ദനെ ഒന്നാം പ്രതിയായും, നിർമ്മാതാവ് രാജൻ സക്കറിയ, വാർത്ത പ്രസിദ്ധീകരിച്ച എം ടൗൺ എന്റർടെയ്ൻമെന്റ് അഡ്മിനിസ്ട്രേറ്റർ എന്നിവരെ രണ്ടും മൂന്നും പ്രതികളായും പോലീസ് കേസെടുത്തു.
അതേസമയം, പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. പ്രതി വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഭീഷണിയുള്ളതിനാലാണ് പരാതിക്കാരിക്ക് കോടതിയിലെത്താൻ കഴിയാത്തതെന്നും പോലീസ് സംരക്ഷണം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, എല്ലാ പരാതിക്കാർക്കും പോലീസ് സംരക്ഷണം നൽകുക പ്രായോഗികമല്ലെന്ന് നിരീക്ഷിച്ച കോടതി പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങൾ ബോധിപ്പിക്കാൻ നിർദ്ദേശം നൽകി. 27ന് കേസ് വീണ്ടും പരിഗണിക്കുന്പോൾ പരാതിക്കാരി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

