എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസ് : രൂക്ഷവിമർശനവുമായി പിണറായി
കൊല്ലം : അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് പൊലീസ് വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സിറ്റി പൊലീസിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കൈമാറുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പൊലീസ് സേനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പൊലീസ് മർദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശം.
എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസ്. ഇക്കാര്യം പൊലീസിന് ഓർമവേണം. അത്തരക്കാർക്ക് സർവ്വീസിൽ തുടരാനും ബുദ്ധിമുട്ടാകും. ദുഷ്പേർ കേൾപ്പിക്കുന്നവരെ സംരക്ഷിക്കില്ല. സർവ്വീസിൽ നിന്ന് മോശം പേരോടെ ഇറങ്ങി പോകേണ്ടി വരരുതെന്നും മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
ക്രമവിരുദ്ധമായി പ്രവർത്തിച്ചാൽ പൊലീസിന് ഇടപെടാം. അതിനുള്ള അധികാരവും അവകാശവും പൊലീസിനുണ്ട്. എന്നാൽ ക്രമവിരുദ്ധമായി പ്രവർത്തിച്ച ഒരാളുടെ നേർക്ക് ക്രമവിരുദ്ധമായി ഇടപെടാൻ പൊലീസിന് അധികാരമുണ്ടോ? ഇത്തരത്തിൽ ഇടപെടുന്ന ചിലർ പൊലീസിലുണ്ട്. എപ്പോഴും ജാഗ്രത വേണം. അല്ലെങ്കിൽ ഉള്ള പേരും മോശമാകും. ഭാവിക്കും തകരാറു സംഭവിക്കുമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

