കാ­ലി­ത്തീ­റ്റ കുംഭകോ­ണം : ലാ­ലു­വിന് മൂ­ന്നര വർ­ഷം തടവ്


റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. 

റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. വിഡിയോ കോൺഫറൻസ് വഴിയാണ് ലാലുവിനെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ഡിസംബർ 23ന് കേസിൽ ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് മുതൽ ലാലു റിമാന്‍റിലായിരുന്നു. തുടർന്ന് മൂന്ന് തവണയാണ് കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചത്. ലാലുവിനൊപ്പം കുറ്റക്കാരായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ 15 പേർക്കും ഇതേ ശിക്ഷയാണ് വിധിച്ചത്.

കേസിൽ ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. പരമാവധി ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ലാലുവിന് മേൽ ചുമത്തിയത്. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തിൽ ആറ് കേസുകളിലാണ് ലാലു പ്രസാദ് യാദവിനെ പ്രതി ചേർ‍ത്തത്. 

2013ൽ ആദ്യ കുംഭകോണക്കേസിൽ ലാലുവിന് അഞ്ച് വർഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിന് പുറമെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ച ലാലു സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed