മലപ്പുറം ജില്ലയിൽ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് തുടങ്ങി
എരമംഗലം : മാറഞ്ചേരി പഞ്ചായത്ത് നടപ്പിലാക്കുന്ന പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നാടിന് സമർപ്പിച്ചു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ഒരു തദ്ദേശഭരണ സ്ഥാപനത്തിന് കീഴിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുകയും തുടർന്ന് അവ സംസ്‌കരിക്കുന്നതിലൂടെ വിപണനവും ലക്ഷ്യമാക്കിയുള്ള ഈ പദ്ധതി കണ്ണൂർ ജില്ലയിലെ ചെന്പിലോട് പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റ് മാതൃകയിലാണ് നടപ്പിലാക്കുന്നത്.
2016 -17 വാർഷിക പദ്ധതിയിൽ നിന്നും പതിനൊന്ന് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. ആരോഗ്യ വിദ്യാഭ്യാസ ജലസംരക്ഷണരംഗത്തും പുതിയ പദ്ധതികളുമായി ജനശ്രദ്ധ നേടിയ മാറഞ്ചേരി പഞ്ചായത്ത് മാലിന്യസംസ്‌കരണ രംഗത്തും മറ്റു പഞ്ചായത്തുകൾക്ക് മാതൃകയാവുകയാണെന്ന് സ്പീക്കർ പറഞ്ഞു. മാറഞ്ചേരി പരിച്ചകം എസ്.സി. പാർക്കിൽ നടന്ന ചടങ്ങിൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ. സിന്ധു അദ്ധ്യക്ഷത വഹിച്ചു.
പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആറ്റുണ്ണി തങ്ങൾ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് സുബൈദ ബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിത ജയരാജൻ, സമീറ ഇളയേടത്ത്, കെ.വി. ഹംസ, ലീന മുഹമ്മദാലി, ടി.കെ. അബൂബക്കർ, വി.വി. സുരേഷ്, എം.കെ. മുഹമ്മദ് സലീം, എ.കെ. ആലി, ഇ. അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.


