അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു, 18 പ്രതികൾക്ക് കുറ്റവിമുക്തി
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ 18 പ്രതികൾക്ക് ആശ്വാസം. സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനും കുറ്റവിമുക്തി ലഭിച്ചു. ഗണേശൻ, ഉമേശൻ, നിതിൻ നാരായണൻ, സുധാകൻ, അജയകുമാർ എന്നിവരെയും കോടതി കുറ്റവിമുക്തരാക്കി.
എംഎസ്എഫ് നേതാവും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന വിധി. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേർ മരണപ്പെട്ടതോടെ 31 പേരാണ് വിചാരണ നേരിട്ടത്. 2012 ഫെബ്രുവരി 20-നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപം ഷുക്കൂർ കൊല്ലപ്പെട്ടത്.
അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശ്ശേരി എംഎൽഎയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആക്രമണം ഭയന്ന് കീഴറയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയ ഷുക്കൂറിനെയും സംഘത്തെയും അക്രമികൾ തടഞ്ഞുവയ്ക്കുകയും തുടർന്ന് വയലിലേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
ആക്രമണത്തിന് പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയരാജനും രാജേഷും കൊലപാതക ഗൂഢാലോചനയിൽ പങ്കാളികളായെന്നാണ് സിബിഐ ആരോപിച്ചിരുന്നത്. കേസിൽ 32, 33 പ്രതികളായിരുന്നു ഇരുവരും. ശ്യാംജിത്ത് 19-ാം പ്രതിയായിരുന്നു. എന്നാൽ, ജയരാജനും രാജേഷിനുമെതിരെ മൊഴി നൽകിയിരുന്ന രണ്ട് പ്രധാന സാക്ഷികൾ വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതിരുന്നത് കേസിൽ നിർണായകമായി.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്, ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയിന്മേൽ 2016-ലാണ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടത്. 2025 മേയ് അഞ്ചിന് ആരംഭിച്ച വിചാരണ 17 മാസം നീണ്ടുനിന്നു. 81 സാക്ഷികളുള്ള കുറ്റപത്രത്തിൽ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിൽ എത്തിയ വിധി കേരള രാഷ്ട്രീയത്തിലും ഏറെ നിർണായകമായി.
dfsdffdfd


