പൊന്ന് വാങ്ങുന്നവർക്ക് വൻ ആശ്വാസം; സ്വർണവില ഇന്നും കുത്തനെ ഇടിഞ്ഞു, പവന് 95,840 രൂപ മാത്രം
ഷീബ വിജയൻ
കൊച്ചി: തുടർച്ചയായി ഇടിഞ്ഞ് സ്വർണവില. ഇന്നും കുത്തനെ കുറഞ്ഞു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി. രണ്ടാഴ്ച കൊണ്ട് പവന് 11,240 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് ഒറ്റയടിക്ക് 2,040 രൂപയും ഗ്രാമിന് 255 രൂപയുമാണ് കുറഞ്ഞത്. പവന് 97,720 രൂപയും ഗ്രാമിന് 12,215 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 136.28 ഡോളർ ഇടിഞ്ഞു. 3,725.78 ഡോളറാണ് വില. 3.53 ശതമാനമാണ് ഇടിവ്. ഈ വർഷം ജനുവരി 29-ന് 1,31,160 രൂപയുണ്ടായിരുന്ന സ്വർണത്തിന് 10 മാസം കൊണ്ട് 35,320 രൂപയാണ് കുറഞ്ഞത്.
വെള്ളിവിലയിലും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 180 രൂപയാണ് വില. ചൊവ്വാഴ്ചയാണ് സ്വർണം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരുലക്ഷത്തിന് താഴേക്ക് പതിച്ചത്. 99,760 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 12,470 രൂപയായും കുറഞ്ഞു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ച പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 1,00,320 രൂപയും 12,540 രൂപയുമായിരുന്നു വില. അമേരിക്കൻ ഡോളറിന്റെ ശക്തിപ്പെടൽ, പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, നിക്ഷേപകരുടെ വൻതോതിലുള്ള ലാഭമെടുപ്പ്, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് സ്വർണവിലയിലെ തിരുത്തലിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
cvxvdfdf


