'50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെങ്കിൽ ലഹരിയും തുടച്ചുനീക്കാം'; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി


ഷീബ വിജയൻ

ന്യൂഡൽഹി: രാജ്യത്തുനിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. നക്സലിസം വീണ്ടും തലപൊക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയതും നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുമായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. വിവിധ വകുപ്പുകളിലെ 11 സെക്രട്ടറിമാർ അവതരണങ്ങൾ നടത്തി. ലഹരിമരുന്ന് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി വൈകാരികനായെന്നും റിപ്പോർട്ടുകളുണ്ട്. ലഹരിവിരുദ്ധ പോരാട്ടം പ്രധാന വിഷയമായ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പരാമർശം.

2011-നും 2023-നും ഇടയിൽ ഇന്ത്യയിൽ 50 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിൽനിന്ന് മുക്തരായതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. കടുത്ത ദാരിദ്ര്യനിരക്കിൽ 90 ശതമാനം കുറവുണ്ടായി. നേരത്തെ നാലിലൊന്നിലധികമായിരുന്ന നിരക്ക് ഇപ്പോൾ 38 പേരിൽ ഒരാൾ എന്ന നിലയിലേക്ക് താഴ്ന്നു.

പതിറ്റാണ്ടുകളായി 'ഗരീബി ഹഠാവോ' മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങിയിരുന്നെന്നും ക്ഷേമപദ്ധതികളിലൂടെ ദാരിദ്ര്യം കുറയ്ക്കാൻ തന്റെ സർക്കാരിന് കഴിഞ്ഞെന്നും മോദി പറഞ്ഞു. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് ഇതിന് പിന്നിൽ. മാവോയിസ്റ്റ് സ്വാധീനത്തിൽനിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും 2047-ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

article-image

gghgghhhf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed